വിഴിഞ്ഞം: നിർദിഷ്ട തീരദേശ ഹൈവേ നിർമാണം ഈ വർഷം അവസാനത്തോടെ. ഭൂമി ഏറ്റെടുക്കലിനോട് അനുബന്ധിച്ച ആദ്യ ഘട്ട നോട്ടിസ് വിതരണം തുടങ്ങി. തീരദേശ ഹൈവേയോട് അനുബന്ധിച്ചു വിഴിഞ്ഞം മുല്ലൂർ കലുങ്കുനടയിൽ പാലം വരും. ഇതു സംബന്ധിച്ച പദ്ധതി രേഖയ്ക്കു തത്വത്തിൽ അംഗീകാരം ലഭിച്ചതായി നിർമാണച്ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ അറിയിച്ചു. മറ്റു റോഡുകൾ വന്നു ചേരുന്ന ചൊവ്വര, വിഴിഞ്ഞം ജംക്ഷനുകൾ പാത നിർമാണ ഭാഗമായി വികസിപ്പിക്കും. ഇവിടങ്ങളിൽ റൗണ്ട് എബൗട്ടുകൾ വരും. സംസ്ഥാന അതിർത്തിയായ കൊല്ലങ്കോട്ടു നിന്നു കാസർകോടു വരെ നീളുന്ന പാതയുടെ ജില്ലാതിർത്തി കാപ്പിൽ വരെയാണ്. ജില്ലയിൽ 4 റീച്ചുകളിലായിട്ടാവും പാത നിർമാണം.
ആദ്യ റീച്ച് കൊല്ലങ്കോടു മുതൽ കോവളം ജംക്ഷൻ വരെ നീളുന്ന 18.9 കിലോമീറ്റർ ദൂരമാണ്. കോവളം ജംക്ഷനിൽ നിന്നു കുമരിച്ചന്ത വരെ ബൈപാസിലൂടെയാവും പാത. 14 മീറ്ററാണ് പാതയുടെ ആകെ വീതി. ഇതിൽ രണ്ടര മീറ്റർ സൈക്കിൾ ട്രാക്ക് ആവും. ഇരുവശത്തും നടപ്പാതയുമുണ്ടാവും. അടുത്ത വർഷം മേയ് മാസത്തിനു മുൻപായി ആദ്യ റീച്ച് നിർമാണം തുടങ്ങാൻ പാകത്തിലാണ് നടപടികൾ. മുല്ലൂർ കലുങ്കു നടയിൽ തുറമുഖത്തു നിന്നുള്ള റോഡ് വിഴിഞ്ഞം– പൂവാർ റോഡിനെ മുറിച്ചാണ് കടന്നു പോകുന്നത്. ഇവിടെ ഗതാഗത കുരുക്ക് ഒഴിവാക്കാനെന്നോണമാണ് പാലം പണിത് മുകളിലൂടെ പാത കടന്നു പോകാനുള്ള പദ്ധതിയെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. ഇതിനായി അധിക സ്ഥലം ഏറ്റെടുക്കേണ്ടി വരും.
പാത നിർമാണത്തിനു വസ്തു ഏറ്റെടുക്കൽ ഭാഗമായ 11 വൺ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. ഇതനുസരിച്ചു റവന്യു വകുപ്പിൽ നിന്നു വസ്തു–സ്ഥാപന ഉടമകൾക്ക് നോട്ടിസ് വിതരണം തുടങ്ങി. അടുത്ത ഘട്ടത്തിൽ 19 വൺ നോട്ടിഫിക്കേഷനും തുടർന്നു വസ്തു വില നിശ്ചയം, ഏറ്റെടുക്കൽ നടപടികളും നടത്തും. കിഫ്ബി മുഖാന്തരം നടപ്പാക്കുന്ന പദ്ധതിക്ക് തലസ്ഥാനത്ത് ഭൂമി ഏറ്റെടുക്കലിനുള്ള ഫണ്ട് മാത്രമാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. ശേഷിക്കുന്ന ഫണ്ട് വൈകാതെ ലഭ്യമാകുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ചരക്കുനീക്കം കൂടാതെ വിനോദസഞ്ചാര വികസന സാധ്യതകൾ കൂടി കണക്കിലെടുത്തുള്ള വികസനമാണ് നടപ്പാക്കുന്നത്. കൊല്ലങ്കോട്ടു നിന്ന് അടിമലത്തുറ വരെ ഏതാണ്ട് പുതിയ റോഡ് എന്ന നിലയ്ക്കാവും പാത നിർമാണം.