വാഷിങ്ടൺ : ഹൂതികൾക്കെതിരെ ആക്രമണം നടത്തണമെന്നാവശ്യപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രണ്ടുതവണ ബന്ധപ്പെട്ടെങ്കിലും അദ്ദേഹമത് നിരസിച്ചതായി റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ആക്സിയോസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിർണായക ചരക്കുപാതയായ ബാബ് അൽ മന്ദേബ് കടലിടുക്കിനുമേൽ ഹൂതികൾ കൂടുതൽ സ്വാധീനമുറപ്പിക്കാനുള്ള നീക്കംനടത്തിയതിന് പിന്നാലെയായിരുന്നു സൗദി കിരീടാവകാശി ഇത്തരമൊരു ആവശ്യം യുഎസിന് മുന്നിൽവെച്ചത്. ഹൂതികൾക്കെതിരെ തൽക്കാലം നേരിട്ട് ഇടപെടാൻ ട്രംപ് ഭരണകൂടത്തിന് പദ്ധതിയില്ലെന്ന് യുഎസ് പറഞ്ഞതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് വൈറ്റ്ഹൗസോ സൗദി സർക്കാരോ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. അന്താരാഷ്ട്ര പിന്തുണയുള്ള യെമെൻ സർക്കാരിൽനിന്ന് ചെങ്കടൽ തീരത്തെ തന്ത്രപ്രധാന തുറമുഖനഗരമായ മോഖ ഹൂതി വിമതർ കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു. നേരിട്ടുള്ള സൈനിക ഇടപെടൽ നടത്തിയില്ലെങ്കിലും ഹൂതികൾക്കെതിരായ നീക്കത്തിന് യുഎസ് സൗദിക്ക് പിന്തുണനൽകുന്നതായാണ് വിവരം. അടിയന്തര ഏകോപന ചർച്ചകൾക്കായി യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യാഴാഴ്ച സൗദി അറേബ്യ സന്ദർശിച്ചതായും ആക്സിയോസിന്റെ റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കൻ സേനയുടെ ശ്രദ്ധ ഇറാനിലും ഹോർമുസ് കടലിടുക്കിന്റെ സംരക്ഷണത്തിലും മാത്രമായി നിലനിർത്തണമെന്ന് ട്രംപ് നിർദേശം നൽകിയിട്ടുണ്ട്. ഹോർമുസിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു സംഘർഷത്തിലേക്ക് നേരിട്ട് കടക്കുന്നതിന് ട്രംപ് വിമുഖത കാണിച്ചിരിക്കുന്നത്. ഹൂതികൾക്കെതിരെയുള്ള സൈനിക നീക്കത്തിന് സൗദി അറേബ്യയ്ക്ക് രഹസ്യാന്വേഷണ സഹായവും പിന്തുണയും നൽകാനായി നൂറിലധികം യു.എസ് സൈനിക ഉപദേശകർ സൗദിയിലുണ്ടെന്ന് മറ്റൊരു അമേരിക്കൻ മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
സൗദിക്കെതിരായ ഹൂതികളുടെ നീക്കത്തിന് ഇറാൻ സഹായം നൽകുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ ആഴ്ചകളിൽ രൂപീകരിച്ച പുതുതായി സ്ഥാപിതമായ സംയുക്ത സേനാ കമാൻഡിന്റെ ഭാഗമായാണ് യു.എസ് സൈനിക ഉദ്യോഗസ്ഥർ അവിടെ പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്. 200 സൈനികർ ഇത്തരത്തിൽ സൗദിയിൽ പ്രവർത്തിക്കുന്നതായാണ് വിവരം. സൗദി അറേബ്യയുമായി രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നുണ്ടെങ്കിലും വ്യോമാക്രമണങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നില്ല. സൗദിയുടെ സൈനിക നീക്കങ്ങൾ സുഗമമായും പ്രൊഫഷണലായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ മാത്രമാണ് ഈ ശ്രമങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു.
ഇതെല്ലാം യുഎസിന്റെ പ്രാദേശിക സഖ്യകക്ഷിയായ സൗദി അറേബ്യയ്ക്ക് യുഎസ് ഇതിനകം നൽകിവന്നിരുന്ന മുൻകാല സഹകരണത്തിന്റെയും പരിശീലനത്തിന്റെയും തുടർച്ചയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 2022-ൽ വെടിനിർത്തലുണ്ടായശേഷം ഹൂതികൾ നടത്തുന്ന ഏറ്റവുംവലിയ മുന്നേറ്റമാണ് മോഖ നഗരം പിടിച്ചെടുത്തത്. യെമെൻ സർക്കാർ അനുകൂലസേന ഹൂതികളുടെ മുന്നേറ്റം തടയാൻ വ്യോമാക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. തായിസ്, ഹൊദൈദ, മാരിബ് തുടങ്ങിയ പ്രദേശങ്ങളിലും സംഘർഷം തുടരുകയാണ്. ഇറാൻ, ലെബനൻ, ഗാസ എന്നിവിടങ്ങളിലെ സംഘർഷങ്ങളാൽ പശ്ചിമേഷ്യ പുകയുന്നതിനിടെയാണ് യെമെനും കൂടുതൽ അസ്ഥിരമാകുന്നത്.


































