പത്തനംതിട്ട : കാടിന്റെ മക്കൾക്ക് മുൻകൂട്ടി വിഷുക്കൈനീട്ടം നൽകി പ്രതിപക്ഷ നേതാവ്. ശബരിമല താഴ്വാരങ്ങളിലെ ആദിവാസി കോളനികളിലാണ് കരുതലും കരുണയുമായി രമേശ് ചെന്നിത്തല വിഷുക്കൈനീട്ടം എത്തിച്ചത്.
പമ്പ , ചാലക്കയം, അട്ടത്തോട് , പ്ലാപ്പള്ളി, ളാഹ എന്നിവിടങ്ങളിലായി ഭക്ഷ്യവസ്തുക്കളുടെ 200 കിറ്റുകൾ ആണ് വിതരണം ചെയ്തത് . കാടുകളിലെ താൽക്കാലിക ഷെഡ്ഡുകളിൽ മഴയും മഞ്ഞും വെയിലുമേറ്റ് വസിക്കുന്ന മലയോര മക്കൾ സ്നേഹ ബഹുമാന ആദരവുകളോടെയാണ് പ്രതിപക്ഷ നേതാവിന്റെ സമ്മാനം സ്വീകരിച്ചത്. അരി, പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവ സഹിതം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് അഡ്വ. വെട്ടൂർ ജ്യോതി പ്രസാദിന്റെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്.
വിവിധ കോളനികളിലായി ജവഹർ ബാലജനവേദി ജില്ലാ ചെയർമാൻ തട്ടയിൽ ഹരികുമാർ, രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് ഖാൻ പഞ്ചായത്ത് മെമ്പർ രാജൻ വെട്ടിക്കൽ എന്നിവർ വിതരണം നിർവഹിച്ചു. കോളനികളിലെ കുട്ടികൾക്ക് കെ.പി.എസ്.റ്റി.എ സംസ്ഥാന വനിതാ ചെയർപേഴ്സൺ വി റ്റി ജയശ്രീ കഥ പുസ്തകങ്ങൾ ഡ്രോയിങ് ബുക്ക് ക്രയോൺസ് എന്നിവയും വിതരണം ചെയ്തു .
കെ.പി.സി.സി പ്രസിഡണ്ട് ആയിരിക്കെ രമേശ് ചെന്നിത്തല സംസ്ഥാനത്തെ പട്ടികജാതി-പട്ടികവർഗ ആദിവാസി ഗോത്ര സമൂഹത്തിൻറെ ഉന്നമനത്തിനുവേണ്ടി ആണ് ഗാന്ധിഗ്രാമം പദ്ധതി ആരംഭിച്ചത് . ഈ പദ്ധതിയിലൂടെ കേരളത്തിലെ നിരവധി ഗ്രാമങ്ങളാണ് പുരോഗതിയുടെ പാതയിലേക്ക് കടന്നുപോയത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ച നാൾ മുതൽ പ്രതിപക്ഷ നേതാവിൻറെ ഔദ്യോഗിക വസതി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് വിവിധ ജില്ലകളിൽ എന്നപോലെ പത്തനംതിട്ട ജില്ലയിൽ നിന്നും 250-ലേറെ പരാതികളും ആവശ്യങ്ങളും ആണ് ലഭിച്ചത് . വളരെ കൃത്യതയോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട് സമയബന്ധിതമായി പരിഹരിക്കാൻ സാധിച്ചതായി വെട്ടൂർ ജ്യോതി പ്രസാദ് പറഞ്ഞു. ഈ മഹാമാരിയുടെ ബുദ്ധിമുട്ടുകൾ അവസാനിച്ചു കഴിഞ്ഞാലുടൻ ശബരിമല താഴ്വാരങ്ങളിലെ ആദിവാസി സമൂഹത്തിൻറെ പ്രശ്നങ്ങൾ പഠിക്കുവാൻ എത്തുന്നതാണ് എന്ന് രമേശ് ചെന്നിത്തല അറിയിച്ചതായി നേതാക്കൾ പറഞ്ഞു.