തിരുവല്ല : സംസ്ഥാനത്ത് കിലോയ്ക്ക് 28. 20 രൂപ നിരക്കിൽ സപ്ലൈകോ നെല്ല് സംഭരിക്കുമെന്ന സർക്കാർ ഉത്തരവിലൂടെ നെല്ലിന്റെ താങ്ങുവിലയിൽ കേന്ദ്രസർക്കാർ വർധിപ്പിച്ച 1.17 രൂപ സംസ്ഥാന സർക്കാർ കവർന്നെടുത്തിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. ഇത് കഴിഞ്ഞവർഷത്തെ സംഭരണ വില തന്നെയാണ്. അതിനുശേഷമാണ് ഈ വർഷം കേന്ദ്ര ഗവൺമെന്റ് താങ്ങു വിലയിൽ 1. 17 രൂപയുടെ വർദ്ധനവ് വരുത്തിയത്. വളത്തിന്റെയും കീടനാശിനികളുടെയും വിലയിലുണ്ടായ വർദ്ധനവും കൂലി വർദ്ധനവും വഴി ഉത്പാദന ചിലവിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. ഹാൻഡിലിങ് ചാർജ് ഒരു ക്വിന്റലിന് 300 രൂപ വരെ കർഷകർ നൽകേണ്ടി വരുമ്പോൾ ലഭിക്കുന്നത് 2002-ൽ നിശ്ചയിച്ച വെറും 12 രൂപ മാത്രമാണ്. ഇതെല്ലാം കണക്കിലെടുത്ത് നെൽവിലയിൽ ഉൽപ്പാദന ചിലവിന് ആനുപാതികമായ വർദ്ധനവ് വരുത്തേണ്ടിടത്ത് ഉള്ളതുപോലും കവർന്നെടുക്കുന്ന സർക്കാർ സമീപനം ക്രൂരവും കർഷക സമൂഹത്തോടുള്ള വെല്ലുവിളിയുമാണ്.
കേന്ദ്രസർക്കാർ താങ്ങുവില വർദ്ധിപ്പിക്കുന്നത് സൗകര്യമാക്കി ആ തുക സംസ്ഥാനത്തിന്റെ പ്രോത്സാഹന വിഹിതത്തിൽ നിന്ന് കുറച്ച് ബാധ്യതയിൽ നിന്ന് ഒഴിവാകുന്നത് സംസ്ഥാന സർക്കാർ സ്ഥിരം പതിവാക്കിയിരിക്കുകയാണ്. 2023-ൽ കേന്ദ്രസർക്കാർ ഒരു രൂപ കൂട്ടിയപ്പോഴും സംസ്ഥാനത്തിന്റെ പ്രോത്സാഹന വിഹിതത്തിൽ നിന്ന് ആ തുക കുറച്ച് സംസ്ഥാന സർക്കാർ കർഷകരെ പറ്റിക്കുകയായിരുന്നു. 2017 – 18-ലും 18-19ലും കേന്ദ്രസർക്കാർ താങ്ങു വില വർദ്ധിപ്പിച്ചെങ്കിലും സംസ്ഥാന സർക്കാർ ഒരു പൈസ പോലും കൂട്ടിയില്ല. ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ അവസാന ബഡ്ജറ്റിൽ 52 പൈസയും ഇപ്പോഴത്തെ ധനമന്ത്രി കെ. എൻ. ബാലഗോപാലിന്റെ ആദ്യ ബഡ്ജറ്റിൽ 20 പൈസയും വർദ്ധനവ് പ്രഖ്യാപിച്ചെങ്കിലും അത് നൽകിയില്ല. അതിനുശേഷം ഇങ്ങോട്ട് കേന്ദ്രം താങ്ങ് വില വർദ്ധിപ്പിക്കുമ്പോൾ ആ തുക സംസ്ഥാനത്തിന്റെ പ്രോത്സാഹന വിഹിതത്തിൽ നിന്ന് കുറച്ച് കർഷകരെ കൊള്ളയടിക്കുകയാണ്. കുറവു വരുത്താതെ പ്രഖ്യാപനങ്ങൾ എല്ലാം കൂടി കൂട്ടിയാൽ 30.21 രൂപ ലഭിക്കേണ്ട സ്ഥാനത്താണ് 28. 20 രൂപ സംഭരണ വിലയെന്ന് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഇത് പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്നതിനു തുല്യമാണെന്നും കുറവ് വരുത്തിയത് അടിയന്തിരമായി തിരുത്തി പ്രഖ്യാപിത വിലയെങ്കിലും പുനസ്ഥാപിക്കണമെന്നും പുതുശ്ശേരി ആവശ്യപെട്ടു.