റാസല്‍ഖൈമ : ഇന്ത്യയില്‍ നിന്ന് റാസല്‍ഖൈമ വിമാനത്താവളത്തിലെത്തുന്നവര്‍ 10 ദിവസം ഹോം ക്വാറന്റീനില്‍ കഴിയണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ക്വാറന്റീന്‍ കാലയളവില്‍ നാലാം ദിവസവും എട്ടാം ദിവസവും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന താമസ വിസക്കാര്‍ അബുദാബിയിലെത്തിയാല്‍ 12 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീനിലോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനിലോ കഴിയണം.
ക്വാറന്റീന്‍ കാലയളവില്‍ മെഡിക്കല്‍ അംഗീകാരമുള്ള റിസ്റ്റ്ബാന്‍ഡ് (ട്രാക്കിങ് വാച്ച്) ധരിക്കണം. അബുദാബി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ അധികൃതര്‍ റിസ്റ്റ്ബാന്‍ഡ് നല്‍കും. അബുദാബിയിലെത്തുമ്പോള്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. പിന്നീട് ആറാമത്തെയും 11-ാമത്തെയും ദിവസവും പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും വേണം. രണ്ട് വിമാനത്താവളങ്ങളിലുമെത്തുന്നവര്‍ കോവിഡ് ട്രാക്കിങ് വാച്ച് ധരിക്കണം.