തൊടുപുഴ : ജൂവലറി ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി. സംഭവത്തില്‍ മുന്‍ എംഎല്‍എ മാത്യു സ്റ്റീഫന്‍ അടക്കം മൂന്നുപേര്‍ക്കെതിരേ കേസ്. തൊടുപുഴ ജയ്കോ ജൂവലറി ഉടമ ജയ്മോന്‍ വര്‍ഗീസാണ് പരാതി നല്‍കിയത്. തൊടുപുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജനാധിപത്യ അവകാശ സംരക്ഷണസമിതി എന്ന സംഘടനയുടെ സംസ്ഥാന വനിതാ കോര്‍ഡിനേറ്റര്‍ എറണാകുളം കുറുപ്പംപടി ചിറങ്ങര വീട്ടില്‍ ജിജി മാത്യു, സംസ്ഥാന പ്രസിഡന്റ് തൊടുപുഴ മുതലക്കോടം കുഴിക്കത്തൊട്ടി സുബൈര്‍ എന്നിവരാണ് മറ്റ് രണ്ട് പ്രതികള്‍. കഴിഞ്ഞ ജനുവരി 17-ന് മാത്യു സ്റ്റീഫന്‍ അടക്കമുള്ള മൂന്നുപേരും ജൂവലറിയുടെ തൊടുപുഴ ഷോറൂമില്‍ എത്തി നിര്‍ധന കുടുംബത്തിലെ യുവതിയുടെ വിവാഹത്തിനായി 1.69 ലക്ഷം രൂപയുടെ സ്വര്‍ണം കടമായി ആവശ്യപ്പെട്ടു.
മുന്‍ എംഎല്‍എയും പൊതുപ്രവര്‍ത്തകനുമായ മാത്യു സ്റ്റീഫന്റെ അഭ്യര്‍ഥന മാനിച്ച് ജൂവലറി ഉടമ സ്വര്‍ണം നല്‍കി. പകരം രണ്ട് ചെക്ക് ലീഫുകള്‍ ഗ്യാരണ്ടിയായി നല്‍കി. അവധിപറഞ്ഞ തീയതിക്കുള്ളില്‍ പണം ലഭിക്കാതെ വന്നതോടെ ജൂവലറി ഉടമ ഇവരെ സമീപിച്ചു. ഇതോടെ ഇവര്‍ ജനുവരി 27-ന് ജൂവലറിയില്‍ എത്തി രണ്ടുലക്ഷം രൂപ നല്‍കി. ശേഷം 10 ലക്ഷം രൂപയുടെ സ്വര്‍ണം വീണ്ടും കടമായി ആവശ്യപ്പെട്ടു. എന്നാല്‍ നല്‍കാന്‍ ജൂവലറി ഉടമ തയ്യാറായില്ല. ഇതോടെ ജൂവലറി ഉടമക്കെതിരേ പോലീസില്‍ പീഡന പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷത്തിന്റെ സ്വര്‍ണവും ഗ്യാരണ്ടി നല്‍കിയ ചെക്കുകളും കൈക്കലാക്കി പ്രതികള്‍ പോയെന്നാണ് പരാതി. തുടര്‍ന്ന് ജൂവലറി ഉടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനിടെ കഴിഞ്ഞ മാര്‍ച്ച് 30-ന് പള്ളിക്കത്തോട്ടിലെ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെച്ച കേസില്‍ ജിജി മാത്യുവും സുബൈറും ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.ജൂവലറി ഉടമയുടെ പരാതിയില്‍ ഏപ്രില്‍ അഞ്ചിനാണ് പോലീസ് കേസെടുത്തത്. റിമാന്‍ഡിലായിരുന്ന സുബൈറിനെ തൊടുപുഴ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ജിജി മാത്യുവിനെ കസ്റ്റഡിയില്‍ വാങ്ങാനായി 15-ന് കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പോലീസ് അറിയിച്ചു. മുന്‍ എംഎല്‍എ മാത്യു സ്റ്റീഫനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.