തിരുവനന്തപുരം : തലസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകുമ്പോള്‍ നടക്കുന്ന സമരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സമരങ്ങളുടെ ഫലമായി ഇത് നേരിടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും പോലീസുകാരും കൊവിഡ് ബാധിതരാകുകയാണ്. ഇത്തരത്തില്‍ സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ തടയാന്‍ നിയോഗിക്കപ്പെട്ട 101 പോലീസുകാര്‍ക്കാണ് കൊവിഡ് ബാധയുണ്ടായത്. 171 പോലീസുകാര്‍ നിരീക്ഷണത്തിലാണ്. ഡിവൈഎസ്പി, ഇന്‍സ്പെക്ടര്‍, 71 സിവില്‍ പോലീസുകാര്‍ അടക്കമുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പോലീസുകാര്‍ ക്വറന്‍റീനിലാകുന്നത് കൊവിഡിനെതിരെ പ്രവര്‍ത്തിക്കേണ്ട സര്‍ക്കാറിന് തടസ്സം സൃഷ്ടിക്കും.
പോലീസുകാരുടെ കൊവിഡ് രോഗബാധ നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധിക്കുന്നവര്‍ സമൂഹത്തെ ഒന്നടങ്കം അപകടത്തില്‍ പെടുത്തുകയാണ്. അക്രമസമരം നടത്തിയാലേ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനാവൂ എന്ന ചിന്ത മാറ്റി ആത്മപരിശോധനക്ക് തയാറാകണം. വിട്ടുവീഴ്ചയില്ലാതെ ജാഗ്രത വേണമെന്നും പോലീസുകാരും മനുഷ്യരാണ് മനുഷ്യ ജീവിതങ്ങള്‍ക്കാണ് വില കല്‍പ്പിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.. കൊവിഡ് സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഉണ്ടായിക്കൊണ്ടിരിക്കുന്ന സമരങ്ങള്‍ നിരന്തരം ചൂണ്ടിക്കാണിച്ചിട്ടും ഗൗരവത്തോടെ പരിഗണിക്കുന്നില്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങളെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ആള്‍ക്കൂട്ടം ഒഴിവാക്കലാണ് കൊവിഡ് പ്രതിരോധത്തിന്റെ ആദ്യ മാര്‍ഗം. എന്നാല്‍ സമരങ്ങളിലൂടെ വൈറസിന് അവസരമൊരുക്കിക്കൊടുക്കുകയാണ്.
കൊവിഡ് പ്രോട്ടോകോള്‍ സമരക്കാര്‍ പാലിക്കുന്നില്ല. എല്ലാ പാര്‍ട്ടിക്കാരും ഈ കാര്യത്തില്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം. കൊവിഡ് പ്രതിരോധത്തിന് ആക്ഷീണം പ്രയത്നിക്കുന്നവരാണ് പോലീസുകാര്‍. അവര്‍ക്ക് പ്രത്യുപകാരമായി രോഗം നല്‍കണോ എന്ന് എല്ലാവരും ചിന്തിക്കണം. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല. എന്നാല്‍ പ്രതിഷേധക്കാര്‍ സമൂഹത്തെ അപകടപ്പെടുത്തുന്നതില്‍ നിന്നും പിന്‍മാറണം. മറ്റെന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ട്. അക്രമണം നടത്തിയാലെ മാധ്യമ ശ്രദ്ധകിട്ടുവെന്ന ധാരണ മാറിയാല്‍ ഈ പ്രശ്നം ഒഴിവാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.