മിലാന്‍ : ലോക രാജ്യങ്ങളെ ആകെ വിറപ്പിച്ച് കൊവിഡ് 19 വൈറസ് ബാധ ലോകം മുഴുവൻ പടരുമ്പോള്‍ ഏറ്റവുമധികം തിരിച്ചടികളേറ്റു വാങ്ങിയ രാജ്യം ഇറ്റലിയാണ്. 18,279 പേരാണ് ഇതുവരെ ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 143,626 പേര്‍ക്ക് ഇറ്റലിയില്‍ രോഗം ബാധിച്ചപ്പോള്‍ 28,470 പേര്‍ക്ക് മാത്രമാണ് അതില്‍ നിന്നും ഇതുവരെ രോഗമുക്തി നേടാന്‍ സാധിച്ചത്.
കൊവിഡ് ബാധിച്ചവരില്‍ അപകട ഭീഷണി കൂടുതല്‍ നേരിടുന്നത് പ്രായമായവരാണെന്ന് ആരോഗ്യരംഗം ഒന്നടങ്കം അടിവരയിടുമ്പോള്‍ അതില്‍ പോരാട്ടവീര്യം കൊണ്ട് ജീവിതം തിരികെ പിടിച്ചിരിക്കുകയാണ് ഒരു 103 വയസുകാരി. കൊവിഡ് തകര്‍ത്തെറിഞ്ഞ ഇറ്റലി എന്ന രാജ്യത്തിന് മുഴുവന്‍ പ്രതീക്ഷകള്‍ നല്‍കിയാണ് സനൂസോ എന്ന 103 വയസുകാരി കൊവിഡിനെ അതിജീവിച്ചിരിക്കുന്നത്.
ഇറ്റലിയിലെ ലെസോണയിലുള്ള മരിയ ഗ്രേസിയ നേഴ്‌സിംഗ് ഹോമിലാണ് സനൂസോ ചികിത്സയ്ക്ക് വിധേയയായത്. ധൈര്യവും ആത്മവിശ്വാസവുമാണ് തന്നെ കൊവിഡില്‍ നിന്ന് മുക്തയാകാന്‍ സഹായിച്ചതെന്നാണ് സനൂസ പറഞ്ഞത്. ലോകം കൊവിഡ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ നേരത്തെ നെതര്‍ലാന്‍ഡ്സില്‍ നിന്നും ഇത്തരത്തില്‍ ഒരു ആശ്വാസ വാര്‍ത്ത പുറത്തു വന്നിരുന്നു.
അവിടെ ഒരു നൂറ്റിയേഴുകാരിയാണ് കൊവിഡിനെ പൊരുതി തോല്‍പ്പിച്ചത്. കൊവിഡ് 19ല്‍ നിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ഈ അമ്മൂമ്മയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 104 വയസുള്ള അമേരിക്കന്‍ സ്വദേശിയായിരുന്നു ഇതിന് മുമ്പ് ഈ റെക്കോര്‍ഡിന് ഉടമയായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.