ബല്ലാരി: കര്‍ണാടകയിലെ ബല്ലാരിയില്‍ മലിനജലം കുടിച്ച് 10 വയസുകാരി മരിച്ചു. 20 പേര്‍ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍. കര്‍ണാടകയിലെ ബല്ലാരി ജില്ലയിലെ കാംപ്ലി താലൂക്കിലെ ഗോനാല്‍ ഗ്രാമത്തിലാണ് സംഭവമെന്ന് അധികൃതര്‍ അറിയിച്ചു.സുകന്യ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. മലിന ജലം കുടിവെള്ളത്തില്‍ കലര്‍ന്നതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. രോഗബാധിതരായ ഭൂരിഭാഗം ഗ്രാമീണരും സര്‍കാര്‍ സ്‌കൂള്‍ വളപ്പില്‍ ചികിത്സയിലാണ്.
മാലിന്യം കലര്‍ന്ന വെള്ളം കുടിച്ചതോടെ ഗ്രാമവാസികള്‍ രോഗബാധിതരായി തുടങ്ങി. ബലക്കുറവും ഛര്‍ദിയുമാണ് ആദ്യം അനുഭവപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരത്തോടെ നിര്‍ജലീകരണവും സംഭവിച്ചു. അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ ശനിയാഴ്ച വൈകുന്നേരത്തോടെ അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍, ആരോഗ്യനില മോശമായതോടെ പെണ്‍കുട്ടി ഞായറാഴ്ച വീട്ടില്‍ വെച്ച് മരിക്കുകയായിരുന്നു.
ജില്ലാ ആരോഗ്യ ഓഫീസര്‍ (DHO) ജനാര്‍ദന്‍ ഗ്രാമത്തിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. അസുഖബാധിതരായ നിരവധി ഗ്രാമീണര്‍ വീടുകളില്‍ ചികിത്സയിലായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ജനാര്‍ദന്‍ പറഞ്ഞു. ഗുരുതരാവസ്ഥയിലാവുകയാണെങ്കില്‍ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ അധികൃതര്‍ ഗ്രാമത്തില്‍ ആംബുലന്‍സ് ഒരുക്കിയിട്ടുണ്ട്. സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരും നഴ്സുമാരും ഗ്രാമത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്.ജലമലിനീകരണവുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളുമായി 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് ജില്ലാ ഭരണകൂടം നഷ്ടപരിഹാരം നല്‍കുമെന്നും ജനാര്‍ദന്‍ പറഞ്ഞു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എത്തി സ്ഥലത്തെ വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി വിവിധ ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ട്.ആരോഗ്യപ്രവര്‍ത്തകര്‍ ഗ്രാമത്തിലെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തുന്നുണ്ട്. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു.അതിനിടെ, ഹാസന്‍ ജില്ലയിലെ കിറ്റൂര്‍ റാണി ചെന്നമ്മ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 25 വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ നിന്നുള്ള ഭക്ഷണം കഴിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ഞായറാഴ്ച രാത്രി ആലൂര്‍ താലൂക്കിലെ ഹോസ്റ്റലിലാണ് സംഭവം. വിദ്യാര്‍ഥികളെ ഹാസന്‍ ഇന്‍സ്റ്റിറ്റിയൂട്ട്ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് (HIMS) മാറ്റി.