തിരുവനന്തപുരം : ദേശീയ പുരസ്കാരം നേടിയ അധ്യാപകനെ വിരമിച്ച് 11 വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾക്കായി നെട്ടോട്ടമോടിച്ച് സർക്കാർ. തൃശ്ശൂർ സ്വദേശി പി.ജെ കുര്യൻ ആണ് വർഷങ്ങളായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് കയറിയിറങ്ങുന്നത്. നിരവധി ഉത്തരവുകൾ ഉണ്ടായിട്ടും അർഹതപ്പെട്ട ഗ്രേഡ് നൽകാതെ ഗ്രാറ്റുവിറ്റി തടയുന്നുവെന്നാണ് പരാതി. അതേസമയം നടപടികൾ ചട്ടം പാലിച്ചാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം.
2010 ലെ ദേശീയ ആധ്യാപക പുരസ്കാര ജേതാവായ കുര്യൻ മാസ്റ്റർ 2011 ലാണ് അഞ്ചേരി ഹൈസ്കൂളിൽ നിന്ന് വിരമിച്ചത്. 2006 ലെ സർക്കാർ ഉത്തരവ് പ്രകാരം 10,18, 23 എന്നീ ഗ്രേഡിന് കുര്യൻ മാസ്റ്റർ അർഹനാണ്. എന്നാൽ ഈ ഗ്രേഡോ തത്തുല്യമായ ഗ്രാറ്റുവിറ്റിയുടെ ഭാഗമോ നൽകാതെ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസ് നെട്ടോട്ടമോടിക്കുന്നുവെന്നാണ് പരാതി. പെൻഷൻ തുക ലഭിക്കുന്നുണ്ടെങ്കിലും അർഹതപ്പെട്ട ഗ്രേഡിനുള്ള പെൻഷനല്ല കിട്ടുന്നത്. ഉദ്യോഗസ്ഥ തലത്തിൽ തനിക്കെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് ആരോപണം.
സർക്കാർ ഉത്തരവ് പ്രകാരം അധ്യാപകന് കിട്ടേണ്ട ആനുകൂല്യങ്ങൾ നൽകണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. 2018 ൽ വിദ്യാഭ്യാസ സെക്രട്ടറിയും സമാന നിർദേശം നൽകി. ഇതൊന്നും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസ് പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. കിട്ടാനുള്ള തുകയും പലിശയടക്കം നൽകുകയും ഗൂഡാലോചന നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുകയും വേണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ആതേ സമയം കുര്യൻ മാസ്റ്റർക്ക് അർഹമായ ഗ്രേഡ് ലഭ്യമാക്കിയിട്ടുണ്ടെന്നാണ് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ നിലപാട്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി 2018ൽ നൽകിയ നിർദേശം ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി