ശ്രീനഗർ : 119 ഭീകരർ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞു കയറിയെന്നും, ഇവരിൽ 79 പേർ ബിർ പഞ്ചൽ റേഞ്ചിൻ്റെ വടക്ക് ഭാഗത്ത് ഒളിച്ചിരിക്കുന്നതായും ഇൻ്റലിജൻസിന്റെ മുന്നറിയിപ്പ്. ജമ്മു കാശ്മീരിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതേത്തുടർന്ന് പോലീസും മിലിട്ടറി ഇൻ്റലിജൻസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 119 ഭീകരരാണ് നിലവിൽ ജമ്മു കശ്മീരിൽ പ്രവർത്തിക്കുന്നത്. ഇവരിൽ 79 പേർ അതിർത്തിക്ക് വടക്ക് ബിർ പഞ്ജാലിൽ ഒളിച്ചിരിക്കുകയാണ്. 18 പേർ തദ്ദേശീയരും 61 പേർ പാക്കിസ്ഥാനികളുമാണെന്ന് റിപ്പോർട്ട്. ബിർ പഞ്ജാലിൻ്റെ തെക്ക് ഭാഗത്ത് 40 തീവ്രവാദികളുണ്ട്, അതിൽ 34 പേർ വിദേശികളാണ്. 6 പേർ മാത്രമാണ് സ്വദേശികൾ. ഈ വർഷം ഇതുവരെ ജമ്മു കശ്മീരിൽ 25 ഭീകരാക്രമണ സംഭവങ്ങളാണ് ഉണ്ടായത്. ഈ സംഭവങ്ങൾ 2024-ൽ 24 സൈനിക ഉദ്യോഗസ്ഥരുടെ വീരമൃത്യുവിലേക്കും 2023-ൽ സമാനമായ 25 ആക്രമണങ്ങളിൽ സുരക്ഷാ സേനയുടെ 27 വീര മരണത്തിലേക്കും നയിച്ചു.
ഈ വർഷം (2024) സുരക്ഷാ സേന 61 ഭീകരരെ വധിച്ചു. ഇതിൽ 45 പേർ ജമ്മു കശ്മീരിലും 16 പേർ നിയന്ത്രണ രേഖയ്ക്കു സമീപവും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭീകരരിൽ 21 പേർ പാകിസ്ഥാനികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം (2023) 60 ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ 35 പേർ സ്വദേശികളും 12 പേർ പാക്കിസ്ഥാനികളുമാണ്. അതേസമയം, തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രാദേശിക പിന്തുണ കുറയുന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പ്രാദേശിക റിക്രൂട്ട്‌മെൻ്റ് കുറഞ്ഞു. എന്നാൽ, പാകിസ്ഥാൻ തങ്ങളുടെ അതിർത്തിക്കുള്ളിൽ നിന്ന് തൊഴിലില്ലാത്ത യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് തുടരുകയാണ്- സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.