കിളിമാനൂര്‍: മാതാവിന്റെ ഒത്താശയോടെ 11 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ പൂജാരി അറസ്റ്റില്‍. കൊല്ലം ആലപ്പാട്ട് ചെറിയഴിക്കല്‍ കക്കാത്തുരുത്ത് ഷാന്‍ നിവാസില്‍ ഷാന്‍(37) ആണ് അറസ്റ്റിലായത്.
2018ല്‍ കിളിമാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ പ്രമുഖ ക്ഷേത്രത്തില്‍ പൂജാരി ആയിരുന്നപ്പോള്‍ സമീപത്തെ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ചു. ഭര്‍ത്താവ് ഇല്ലാതിരുന്ന വേളയില്‍ വീട്ടില്‍ എത്തിയിരുന്ന പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കൊല്ലുമെന്ന് മാതാവ് ഭീഷണിപ്പെടുത്തിയതിനാല്‍ പെണ്‍കുട്ടി സംഭവം പുറത്ത് ആരോടും പറഞ്ഞില്ല. പിന്നീട് അമ്മയുമായി വഴക്കിട്ടപ്പോഴാണു വിവരം പിതാവിനോടു പറഞ്ഞത്. ഇതു സംബന്ധിച്ച് കഴിഞ്ഞ 2ന് ആണ് പിതാവ് കിളിമാനൂര്‍ പോലീസില്‍ പരാതി നല്‍കിയത്. കോതമംഗലം വടാട്ടുപാറയില്‍ ശ്യാം തിരുമേനി എന്ന വ്യാജ പേരില്‍ ക്ഷേത്രങ്ങളില്‍ പൂജാരി ആയിരുന്നപ്പോഴാണ് പോലീസ് പിടിയിലായത്.
കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ പ്രസിദ്ധമായ നമ്പൂതിരി കുടുംബത്തിന്റെ പേരില്‍ വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കി ഇയാള്‍ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ പൂജാരി ആയി ജോലി ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള പ്രതി ഒരുവിധ താന്ത്രിക വിദ്യകളും പഠിച്ചിട്ടില്ല. പൂജാരിയായി ജോലി ചെയ്തിരുന്ന സ്ഥലങ്ങളില്‍ സ്ത്രീകളുമായി സൗഹൃദം ഉണ്ടാക്കി ഇവരെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മുങ്ങുകയാണ് പതിവ്.
സിം കാര്‍ഡുകള്‍ മാറി മാറി ഉപയോഗിച്ചതു കാരണം ഇയാളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഒട്ടേറെ സിം കാര്‍ഡുകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ കെ.ബി.മനോജ് കുമാര്‍, എസ്‌ഐ: ബിജു കമാറും സംഘവും കോതമംഗലത്തും നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു.