കണ്ണൂര്‍ : കണ്ണൂര്‍ സിറ്റി നാലുവയലിലെ കുടുംബത്തിലെ 11 കാരിയുടെ അസ്വാഭാവിക മരണത്തില്‍ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങി പോലീസ്.നാലുവയലിലെ ദാരുല്‍ ഹിദായത്ത് വീട്ടിലെ എം.സി. അബ്ദുല്‍ സത്താര്‍, സാബിറ ദമ്പതികളുടെ മകളായ എം.എം. ഫാത്തിമ (11) യുടെ ദുരൂഹ മരണം സംബന്ധിച്ചാണ് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കുട്ടിയുടെ മരണത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തു. സംഭവത്തില്‍ ജില്ല കലക്ടര്‍, പോലീസ് കമ്മീഷണര്‍ എന്നിവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.
ഫാത്തിമക്ക് മതിയായ ചികിത്സ കിട്ടിയിട്ടില്ലെന്നും മതപരമായ ചില ജപിച്ചൂതലുകൾ നടത്തിയെന്നുമുള്ള പരാതി കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. എന്നാല്‍, ഇതേ കുടുംബത്തിലെ മറ്റ് മൂന്ന് പേരുടെ മരണത്തിലും പോലീസ് ഇപ്പോള്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്.
2014, 2016, 2018 വര്‍ഷങ്ങളിലാണ് ഇതേ കുടുംബത്തിലെ മുന്ന് പേര്‍ മരണപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കുമെന്നും ഫാത്തിമയുടെ മരണത്തില്‍ രക്ഷിതാക്കളുടെ പങ്ക് അന്വേഷിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ ശ്വാസകോശത്തിലെ അണുബാധയാണ് ഫാത്തിമയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
രോഗം വരുമ്പോള്‍ ജപിച്ചൂതലുകൾ ഉള്‍പ്പടെയുള്ള ആചാര ക്രിയകളില്‍ ചിലര്‍ ഇവര്‍ അഭയം തേടുന്നതാണ് ഇത്തരം മരണങ്ങള്‍ക്ക് കാരണമെന്നാണ് പോലീസ് നിഗമനം. ‘ബാധ’യൊഴിപ്പിക്കാന്‍ ആഭിചാരക്രിയ, ന്യൂമോണിയക്ക് ചികിത്സ മന്ത്രവാദം എന്നിവയാണ് ഇത്തരക്കാര്‍ക്കിടയില്‍ വ്യാപകമായി നടന്നു വരുന്നത്. ഇതു പലപ്പോഴും പുറം ലോകംഅറിയാറുമില്ലെന്നും പോലീസ് പറയുന്നു.