പത്തിരിപ്പാല : ശക്തമായമഴയിൽ മണ്ണൂരിൽ വിളനാശം. കോഴിച്ചുണ്ട പാടശേഖരത്തിലെ 12 ഏക്കർ കൃഷിയാണ് വെള്ളത്തിലായത്. പഞ്ചായത്തംഗം വി.എം. അൻവർ സാദിക്കിന്റെ കൊയ്യാറായ കൃഷിയാണ് മുങ്ങിയത്. വിള കൊയ്തെടുക്കാൻ യന്ത്രമെത്തിച്ചെങ്കിലും വയലിൽ വെള്ളമായതിനാൽ യന്ത്രം തിരിച്ചുപോയി.
ഏക്കറിന് 40,000 രൂപ ചെലവാക്കിയാണ് വിളയിറക്കിയത്. 5.5 ലക്ഷം രൂപയുടെ നഷ്ടമുള്ളതായി സാദിക്ക് പറഞ്ഞു. രണ്ടാംവിളയ്ക്കായി നിലമൊരുക്കാൻ നിലവിലെ വിള പൂട്ടിക്കളയാനും വലിയ തുക ചെലവാകും. വിളനശിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ രണ്ടാംവിള ഇറക്കാനാവില്ലെന്നും സാദിക്ക് പറഞ്ഞു.