മുംബൈ: വിവാഹവാഗ്ദാനം നൽകി വയോധികയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ രണ്ട് പേർ അറസ്റ്റിൽ. നൈജീരിയൻ സൈബർ തട്ടിപ്പ് സംഘത്തിലെ അംഗങ്ങളായ മണിപ്പൂർ സ്വദേശികളായ തിൻഗ്യോ റിംഗ്ഫാമി ഫെയ്‌റേ, സോളൻ തോട്ടംഗമല അങ്കാങ് എന്നിവരാണ് അറസ്റ്റിലായത്. അസമിൽ നിന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ദാദറിൽ നിന്നുമുള്ള അവിവാഹിതയായ 75-കാരിയെയാണ് സംഘം കബളിപ്പിച്ചത്. ദാദറിലെ ഫൈവ് ഗാർഡൻസിൽ താമസിയ്‌ക്കുന്ന ഇവർ പങ്കാളിയെ തേടുന്നുണ്ടായിരുന്നു. ജർമ്മൻ പൗരനെന്ന് സ്വയം പരിചയപ്പെടുത്തിയ അജ്ഞാതൻ വാട്ട്‌സ്ആപ്പിൽ വയോധികയ്‌ക്ക് സന്ദേശം അയച്ചു. ഒരു അന്താരാഷ്‌ട്ര നമ്പറിൽ നിന്നാണ് വയോധികയ്‌ക്ക് സന്ദേശം ലഭിച്ചത്. തനിയ്‌ക്ക് ഭാര്യയില്ലെന്നും വയോധികയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ധനികനാണെന്നുും ഉടൻ മുംബൈയിലേക്ക് വരുമെന്നും പറഞ്ഞ് ധരിപ്പിച്ചതായി സീനിയർ ഇൻസ്‌പെക്ടർ ദീപക് ചവാൻ വ്യക്തമാക്കി.
തുടർന്ന് വാട്ട്‌സ്ആപ്പിലൂടെ ബന്ധം വളർത്തിയെടുത്തതിന് ശേഷമായിരുന്നു തട്ടിപ്പ്. വിലപിടിപ്പുള്ള സമ്മാനങ്ങൾ അയച്ചിട്ടുണ്ടെന്ന് ഇയാൾ വയോധികയോട് പറഞ്ഞു. അടുത്ത ദിവസം തന്നെ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നാണെന്നും പാഴ്‌സൽ നൽകണമെങ്കിൽ 3.85 ലക്ഷം രൂപബ കസ്റ്റംസ് ഡ്യൂട്ടിയായി നൽകണമെന്നും പറഞ്ഞ് വയോധികയ്‌ക്ക് ഒരു കോൾ വന്നിരുന്നു. ഇതനുസരിച്ച് ഇവർ പണം നൽകിയെങ്കിലും സമ്മാനം ലഭിച്ചില്ല. പിന്നീട് പല കാര്യങ്ങൾ പറഞ്ഞ് ഏകദേശം 12 ലക്ഷം രൂപ തട്ടിയെടുത്തു. ജർമ്മൻകാരനെ വിളിയ്‌ക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഫോൺ എടുത്തിരുന്നില്ല. ഇതോടെയാണ് വയോധിക പരാതിയുമായി പോലീസിനെ സമീപിച്ചത്.