നാഗ്പൂർ : മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിലേക്ക് പാഞ്ഞു കയറിയ തെരുവ് നായയെ കണ്ട് ഓടിയ 12 വയസുകാരന് ദാരുണാന്ത്യം. നായയെ കണ്ട് പെടിച്ചോടവേ ആറാം നിലയിൽ നിന്നും താഴേക്ക് വീണ ജയേഷ് ബോഖ്രെ എന്ന കുട്ടിയാണ് മരിച്ചത്. നാഗ്പൂരിലെ റെസിഡൻഷ്യൽ 10 നില കെട്ടിടത്തിന്‍റെ ആറാം നിലയിൽ നിന്നാണ് 12 വയസുകാരൻ താഴെ വീണത്. കെട്ടിടത്തിന് താഴെ കൂട്ടുകാർക്കൊപ്പം കളിച്ച ശേഷം ഫ്ലാറ്റിലേക്ക് മടങ്ങവെയാണ് ജയേഷിനെ തെരുവ് നായ ഓടിച്ചത്.
അപ്പാർട്ട്മെന്‍റിലെ അഞ്ചാം നിലയിലാണ് ജയേഷ് ബോഖ്രെയും കുടുംബവും താമസിച്ചിരുന്ന ഫ്ലാറ്റ്. ഫ്ലാറ്റിലേക്ക് പോകുന്നതിനിടെ ഒരു നായ കുട്ടിയുടെ പിന്നാലെ കൂടുകയായിരുന്നു. പേടിച്ചോടിയ കുട്ടിക്ക് വീടിനുള്ളിലേക്ക് കയറാനായില്ല. സെറ്റയർകേസ് വഴി ഓടിയ കുട്ടിയെ നായ പിന്തുടർന്നു. ഇതോടെ പരിഭ്രാന്തനായ 12 വയസുകാരൻ ഓട്ടത്തിനിടെ നിയന്ത്രണം തെറ്റി ആറാം നിലയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടനെ തന്നെ തൊട്ടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.