തിരുവനന്തപുരം: വൈദ്യുതി അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്ന് കെ.എസ്.ഇ.ബി. 265 വൈദ്യുത അപകടങ്ങളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. അതിൽ 121 പേരുടെ ജീവൻ നഷ്ടമായി. അനധികൃത വൈദ്യുത ജോലികൾക്കിടെ 10 പേരും ഉപഭോക്തൃ പരിസരത്തെ എർത്ത് ലീക്കേജ് കാരണം 17 പേരും വൈദ്യുതി ലൈനിനു സമീപം ലോഹനിർമ്മിതമായ തോട്ടിയും ഏണിയുമുപയോഗിക്കുമ്പോൾ ഷോക്കേറ്റ് 15 പേരും വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് 2 പേരും മരണമടഞ്ഞിട്ടുണ്ട്. ഉത്സവങ്ങളോടനുബന്ധിച്ച് ദീപാലങ്കാരം നടത്തുമ്പോഴാണ് 7 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചത്. വൈദ്യുത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന അപകടങ്ങളാണ് ഇതിലേറെയും.
വൈദ്യുത വയറിങ്ങിന്റെ തുടക്കത്തിൽത്തന്നെ ആർ.സി.സി.ബി (ഇ.എൽ.സി.ബി) ഘടിപ്പിക്കുന്നതിലൂടെ വൈദ്യുത ലീക്കേജ് കാരണമുള്ള അപകടം ഒഴിവാക്കാം. വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുത പ്രവാഹമുണ്ടായാല്‍ ആ ഉപകരണം പ്രവർത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേൽക്കാൻ വലിയ സാദ്ധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ആ ഉപകരണത്തിലേക്കും സർക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിർത്തി വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധിയാണ് ആർ.സി.സി.ബി. നമ്മുടെ നാട്ടിൽ പൊതുവെ ഇ.എൽ.സി.ബി (Earth Leakage Circuit Breaker) എന്നറിയപ്പെടുന്നത് യഥാർഥത്തിൽ ആർ.സി.സി.ബി എന്ന ഉപകരണമാണ്.