തഞ്ചാവൂര്‍ : തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതരുടെ പീഡനം സഹിക്കാന്‍ വയ്യാതെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ലാവണ്യയാണ് ക്രിസ്ത്യന്‍ മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതയായ ശേഷം ജീവിതം കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ജനുവരി 19 ബുധനാഴ്ചയാണ് തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.
തഞ്ചാവൂരിലെ സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹോം എന്ന ബോര്‍ഡിംഗ് ഹൗസിലായിരുന്നു ലാവണ്യ കഴിഞ്ഞിരുന്നത്. ഹോസ്റ്റല്‍ വാര്‍ഡന്‍ തന്നെ നിരന്തരം ശകാരിക്കുകയും ഹോസ്റ്റലിലെ മുറികളെല്ലാം വൃത്തിയാക്കിക്കുകയും ചെയ്തുവെന്ന് ലാവണ്യ പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. ക്രിസ്ത്യന്‍ മതം സ്വീകരിക്കാന്‍ തന്നെ നിരന്തരം നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു.
ഈ സംഭവങ്ങളില്‍ അസ്വസ്ഥയായ പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു. ജനുവരി 9ന് മകള്‍ ഛര്‍ദ്ദിക്കുകയും കടുത്ത വയറുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജനുവരി 10ന് അരിയല്ലൂര്‍ സ്വദേശിയായ ലാവണ്യയുടെ പിതാവ് മുരുകാനന്ദം അറിയിച്ചു. ബോധം തിരിച്ചുകിട്ടിയപ്പോള്‍ താന്‍ നേരിട്ട ദുരനുഭവവും ആത്മഹത്യാശ്രമവും അവള്‍ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു.