മംഗളൂരു: സൈക്കിള്‍ ഓടിക്കുന്നതിനിടെ 12 വയസുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. ചിക്കമംഗളൂരു എന്‍ ആര്‍ പുര താലൂക്കിലെ സോഹന്‍ റാം ആണ് മരിച്ചത്. ഡിസിഎംസി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പ്രസന്നയുടെയും കോളജ് അധ്യാപികയായ രൂപയുടെയും മകനാണ്.
രാവിലെ 7.30 ഓടെ സൈക്കിള്‍ ഓടിക്കുന്നതിനിടെ മെസ്‌കോം ഓഫീസ് റോഡില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചിരുന്നു. മരണം ഹൃദയാഘാതം മൂലമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.