പത്തനംതിട്ട : പ്ലസ് വൺ പ്രവേശനത്തിനായി ചൊവ്വാഴ്ച വൈകുന്നേരംവരെ ജില്ലയിൽ അപേക്ഷ നൽകിയിട്ടുള്ളത് 13170 പേരാണ്. ഹൈക്കോടതി നിർദേശപ്രകാരം ഇന്നലെ ഒരുദിവസത്തെ സാവകാശം കൂടി പ്രവേശന നടപടികൾ പൂർത്തിയാക്കാനുള്ള കുട്ടികൾക്ക് നൽകിയിരുന്നു. എസ്എസ്എൽസി പാസായ 12220 പേരാണ് അപേക്ഷകരായുള്ളത്. സിബിഎസ്ഇയിൽ നിന്ന് 763 പേരും ഐസിഎസ്എസ്ഇയിൽ നിന്ന് 109 പേരും ഇതര സിലബസുകളിലെ 78 പേരും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 82 സ്കൂളുകളിലായി 14700 പ്ലസ് വണ്‍ സീറ്റുകള്‍ നിലവിലുണ്ട്. 9871 കുട്ടികള്‍ മാത്രമാണ് ജില്ലയിൽ ഇത്തവണ എസ്എസ്എല്‍സിയില്‍ ഉപരിപഠന യോഗ്യത നേടിയിരുന്നത്.
ഇതര ജില്ലകളിൽ നിന്നുള്ളവർ കൂടി അപേക്ഷ നൽകിയിട്ടുള്ളതിനാലാണ് അപേക്ഷകരിലെ എസ്എസ്എൽസിക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുള്ളത്. 24നാണ് ട്രയൽ അലോട്ട്മെന്റ്. ഒന്നാമത്തെ അലോട്ട്മെന്റ് ജൂൺ രണ്ടിനു നടക്കും. ജൂൺ 10, 16 തീയതികളിലാണ് രണ്ടും മൂന്നും അലോട്ട്മെന്റുകൾ. 18ന് ക്ലാസുകൾ തുടങ്ങും. 28 മുതൽ ജൂൺ രണ്ടുവരെയാണ് എസ്എസ്എൽസി സേ പരീക്ഷ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ വിജയികളാകുന്ന കുട്ടികൾക്ക് കൂടി പ്ലസ് വണ്ണിന് അപേക്ഷിക്കാൻ അവസരം ലഭിക്കും.