പ്രക്കാനം : പൊതുസമൂഹവുമായി ഇടപഴകാൻ താല്പര്യമില്ലാതെ വീടിന്റെ മൂലയിൽ ഒതുങ്ങിക്കൂടി ജീവിതം തള്ളിനീക്കുന്ന സീനിയർ സിറ്റിസൺസിനെ കാത്തിരിക്കുന്നത് അൽഷിമേഴ്സ് എന്ന മഹാവ്യാധിയാണെന്നും റെസിഡൻസ് അസോസിയേഷനുകൾ മുതിർന്ന പൗരന്മാർക്ക് പരസ്പരം ഇടപഴകാനുള്ള വേദിയാകണമെന്നും സൂപ്പർ മെമ്മറൈസറും വിഖ്യാത സചിത്രപ്രചോദന പ്രഭാഷകനുമായ ഡോ. ജിതേഷ്ജി അഭിപ്രായപ്പെട്ടു. പത്തനംതിട്ട ജില്ലയിൽ പ്രക്കാനം പഞ്ചായത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രക്കാനം റെസിഡൻസ് അസോസിയേഷൻ പതിമൂന്നാം വാർഷികാഘോഷവും ഓണാഘോഷവും വരവേഗവിസ്മയത്തിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് തോമസ് ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ പ്രക്കാനം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ കെ ശശി, നീതു രാജൻ, കെ ആർ ശ്രീകുമാർ, അയ്യപ്പസേവാ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി ആർ. ജയൻ ചെറുവള്ളിൽ, റസിഡിൻസ് അസോസിയേഷൻ സെക്രട്ടറി എം വി രാജൻ, ട്രഷറർ പി. സുനിൽ, ഓമന ടീച്ചർ, ജോസാം, ബോബൻ തുടങ്ങിയവർ പ്രസംഗിച്ചു. എസ്എസ്എൽസി / പ്ലസ് റ്റു പരീക്ഷകളിൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ ഡോ.ജിതേഷ്ജി ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.