മലപ്പുറം: പരീക്ഷ കഴിഞ്ഞ് മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനി പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു. ഗുരുവായൂര്‍ മമ്മിയൂര്‍ മുസല്യം വീട്ടില്‍ റഹീമിന്റെ മകള്‍ ഹയ (13) ആണ് മരിച്ചത്. മാതാവ് സുനീറയോടൊപ്പം യാത്രചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. തൃശൂര്‍ – കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്തായിരുന്നു അപകടം. ചങ്ങരംകുളത്തെ ബാങ്കിലേക്ക് പണവുമായി പോകുകയായിരുന്ന പിക്കപ്പ് വാന്‍ സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇരുവരെയും എത്തിച്ചെങ്കിലും ഹയയെ രക്ഷിക്കാനായില്ല. അമ്മ സുനീറ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഹയ. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.