ഗുജറാത്തിലെ സൂറത്തിൽ 70,000 രൂപയ്ക്ക് വ്യാജ മെഡിക്കൽ ബിരുദം വിതരണം ചെയ്ത സംഘത്തെയും ആ ബിരുദങ്ങൾ ഉപയോഗിച്ച് ക്ലിനിക്കുകൾ നടത്തിയ 14 വ്യാജ ഡോക്ടർമാരെയും പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂറത്ത് നഗരത്തിൽ മൂന്ന് പേർ വ്യാജ മെഡിക്കൽ ബിരുദവുമായി അലോപ്പതി ചികിത്സ നടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസും റവന്യൂ വകുപ്പും ഇവരുടെ ക്ലിനിക്കുകളിൽ റെയ്ഡ് നടത്തി. മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിക്കാൻ പറഞ്ഞപ്പോൾ ഇലക്‌ട്രോ ഹോമിയോപ്പതിക് മെഡിക്കൽ ബോർഡ് എന്ന പേരിൽ നൽകിയ സർട്ടിഫിക്കറ്റാണ് ഇവർ അധികൃതരെ കാണിച്ചത്. എന്നാൽ ഗുജറാത്തിൽ അങ്ങനെയൊരു സ്ഥാപനം ഇല്ലായിരുന്നതായി അധികൃതർക്ക് വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ രമേശൻ എന്നയാളാണ് 70,000 രൂപക്ക് തനിക്ക് ഈ സർട്ടിഫിക്കറ്റ് തരപ്പെടുത്തി തന്നതെന്നു വ്യാജ ഡോക്ടർ മൊഴി നൽകി.
തുടർന്ന് വ്യാജ മെഡിക്കൽ പഠന സർട്ടിഫിക്കറ്റ് വിതരണം ചെയ്ത രമേശിനെയും കൂട്ടാളികളായ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.ഇയാൾ ഈചോദ്യം മചെയ്തതിൽ നിന്നും , ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ക്ലിനിക്കുകൾ നടത്തിയിരുന്ന 14 വ്യാജ ഡോക്ടർമാരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇയാൾ സ്ഥാപിച്ച മെഡിക്കൽ ബോർഡിൽ 1200 പേർ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പിടിച്ചെടുത്ത രേഖകളിലൂടെ വെളിവായത്.സംഭവത്തിൽ ഇനിയും ആളുകൾ പിടിയിലാകാനുണ്ടെന്നും , അന്വേഷണം ഊര്ജിതമാക്കിയതായും പോലീസ് അറിയിച്ചു.