ഹരിയാന; ഹരിയാനയിലെ ഗുരുഗ്രാമിൽ എട്ടാം ക്ലാസുകാരിയെ സഹപാഠിയും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. കായിക ദിന പരിപാടിക്കിടെ 14 കാരിയെ സ്‌കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ. സംഭവം പുറത്തു പറഞ്ഞാൽ വീഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
കഴിഞ്ഞ ഡിസംബർ 18 നാണ് പെൺകുട്ടി പീഡനത്തിന് ഇരയാകുന്നത്. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. പ്രതികളെ ഭയന്ന് പീഡന വിവരം കുട്ടി ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം പീഡനത്തെ കുറിച്ച് പിതാവിനോട് തുറന്നു പറഞ്ഞു. പിന്നാലെയാണ് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. തന്റെ മകളെ മൂന്ന് യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
പരാതി ലഭിച്ചതോടെ പെൺകുട്ടിയുടെ സഹപാഠിയായ 17 കാരനെയും 20 വയസ്സുള്ള യുവാവിനെയും മറ്റൊരു പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 17 കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ഫരീദാബാദിലെ തിരുത്തൽ ഹോമിലേക്ക് അയച്ചു. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും, അവർക്കെതിരെ ഐപിസി സെക്ഷൻ 363, 376-ഡി എ കൂടാതെ പോക്‌സോ നിയമപ്രകാരവും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.