ദില്ലി: ഇന്ത്യയുടെ ഔദ്യോഗിക നാമം ഭാരതം എന്നാക്കുന്നതിനെക്കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് പ്രതിനിധികള്‍ക്ക് അയച്ച കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് എഴുതിയതാണ് പേരുമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകാന്‍ കാരണം. പേരുമാറ്റത്തെ അനുകൂലിച്ച് ബി.ജെ.പി നേതാക്കളും എതിര്‍ത്ത് പ്രതിപക്ഷവും രംഗത്തെത്തിക്കഴിഞ്ഞു. സെപ്തംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ പേരുമാറ്റം സംബന്ധിച്ച ബില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പേരുമാറ്റം ഒരു ചെറിയ കാര്യമായി തോന്നാമെങ്കിലും അതിന് വരുന്ന ചെലവ് അത്ര നിസാരമല്ല. അന്താരാഷ്ട്ര തലം മുതല്‍ വ്യക്തിഗത തലം വരെ പേരുമാറ്റം ബാധിക്കും. അതുകൊണ്ട് പേരുമാറ്റത്തിന് ഭീമമായ തുകയാണ് ചെലവ് വരിക. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്നത് മാത്രമല്ല, അസംഖ്യം സംസ്‌കാരങ്ങളും ഭാഷകളും വംശങ്ങളും ഉള്ള വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയെപ്പോലൊരു രാജ്യത്ത് പേരുമാറ്റം അതി സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. 2018ല്‍ അലഹാബാദിന്റെ പേര് പ്രയാഗ്രാജ് എന്ന് മാറ്റിയപ്പോള്‍ 300 കോടിയോളം രൂപയാണ് ചെലവ് വന്നത്. ഭൂപടങ്ങള്‍, റോഡ് നാവിഗേഷന്‍ സംവിധാനം, ഹൈവേ ലാന്‍ഡ്മാര്‍ക്കുകള്‍, സംസ്ഥാന, സിവില്‍ അതോറിറ്റി ഓഫീസുകളില്‍ ഉപയോഗിക്കുന്ന ഔദ്യോഗിക സാമഗ്രികള്‍ മുതലായവ അപ്‌ഡേറ്റ് ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തുക ചെലവാകും. ഇന്ത്യയെ ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ഏകദേശം 14,304 കോടി രൂപ ചെലവ് വന്നേക്കും.