ജാമുയി: ബീഹാറിൽ 8 വർഷമായി സമ്പൂർണ നിരോധനം നിലവിലുണ്ട്, എന്നിരുന്നാലും, ഓരോ ദിവസവും വൻതോതിൽ വ്യാജ മദ്യം കണ്ടെടുക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മദ്യം പിടിക്കാത്ത, മദ്യക്കടത്തുകാരും പിടിയിലാകാത്ത ഒരു ദിവസം ഉണ്ടാകില്ലെന്ന അവസ്ഥയാണ് ബിഹാറിൽ. ഇത്തവണ ബിഹാറിലെ ജാമുയി ജില്ലയിൽ നിന്ന് വൻതോതിൽ വിദേശമദ്യം പിടികൂടിയെങ്കിലും മദ്യക്കച്ചവടക്കാർ രക്ഷപ്പെട്ടു എന്ന വർത്തയാണ് പുറത്ത് വരുന്നത്. 1451 കുപ്പി വിദേശമദ്യമാണ് ജാമുയി പോലീസ് കണ്ടെടുത്തത്. ഇത് വലിയ മദ്യ വേട്ടയാണെന്നാണ് പോലീസ് വിലയിരുത്തുന്നത്. എന്നാൽ ബിഹാറിൽ മദ്യനിരോധനമുണ്ടെങ്കിൽ എങ്ങനെയാണ് ഇത്രയും വലിയ തോതിൽ വ്യാജമദ്യം ലഭിക്കുന്നതെന്ന ചോദ്യം ഉയരുന്നു. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജാർഖണ്ഡ് അതിർത്തിയോട് ചേർന്നുള്ള ജാമുയിയിൽ ശക്തമായ പോലീസ് റെയ്ഡ് നടക്കുകയാണ്. ഈ പരിശോധനയിലാണ് ഖൈറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് വൻതോതിൽ വിദേശമദ്യം പിടികൂടിയത്. വ്യാഴാഴ്ച രാത്രി വൈകി മാംഗോബന്ദർ പാലത്തിന് സമീപം നിന്ന് 1451 കുപ്പി വിദേശ മദ്യം പോലീസ് കണ്ടെടുത്തു. 544.125 ലിറ്റർ മദ്യമാണ് ഉണ്ടായിരുന്നത് എന്നാൽ പോലീസിനെ വെട്ടിച്ച് മദ്യക്കടത്തുകാരൻ രക്ഷപ്പെട്ടു.
തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജില്ലയിലെ അനധികൃത മദ്യക്കച്ചവടത്തിനെതിരെ പ്രത്യേക പരിശോധന നടത്തുന്നുണ്ടെന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) സതീഷ് സുമൻ പറഞ്ഞു. അഞ്ച് വ്യത്യസ്ത പോലീസ് സ്റ്റേഷൻ പരിധികളിൽ മദ്യവിരുദ്ധ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.മാംഗോബന്ദർ പാലത്തിന് സമീപത്തെ ബാരിക്കേഡിൽ വാഹനം ഇടിച്ച ശേഷം കടത്തുകാരൻ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടതായാണ് പുതിയ കേസിൽ പോലീസ് പറയുന്നത്. പോലീസ് വാഹനം പരിശോധിച്ചപ്പോൾ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 1451 കുപ്പി വിദേശമദ്യം കണ്ടെടുത്തു എന്നും പോലീസ് പറയുന്നു. ഇത് കസ്റ്റഡിയിലെടുത്ത പോലീസ് ഒളിവിൽ പോയ കള്ളക്കടത്തുകാര്ക്കായി തിരച്ചിൽ തുടരുകയാണ്. ഖൈറ പോലീസ് സ്‌റ്റേഷൻ ഇൻചാർജ് അമരേന്ദ്ര കുമാർ, പോലീസ് സബ് ഇൻസ്‌പെക്ടർ ഷഫീക്കൂർ റഹ്മാൻ, മദ്യവിരുദ്ധ ടാസ്‌ക് ഫോഴ്‌സിൻ്റെ ചുമതലയുള്ള വിദ്യാരഞ്ജൻ സിംഗ്, ട്രെയിനി പോലീസ് സബ് ഇൻസ്‌പെക്ടർ ദീപക് കുമാർ, പോലീസ് സബ് ഇൻസ്‌പെക്ടർ ശിവനാരായണ പാസ്വാൻ, നന്ദ് കിഷോർ സിംഗ്, കമലേന്ദ്ര സിംഗ്, എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.