ദിയോഘര്‍ : ജാര്‍ഖണ്ഡില്‍ 14കാരനെ സുഹൃത്തുക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കൈകാലുകള്‍ വെട്ടിമാറ്റി മൃതദേഹം ചാക്കില്‍ നിറച്ച് കാട്ടില്‍ തള്ളിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ദുരൂഹ സാഹചര്യത്തില്‍ കാണാതായെന്ന് കാണിച്ച് കൗമാരക്കാരന്റെ കുടുംബം പരാതി നല്‍കിയതായി സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ പവന്‍ കുമാര്‍ പറഞ്ഞു. അന്വേഷണത്തിനിടെ ഇരയുടെ സുഹൃത്ത് കൂടിയായ 14 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 8.30 ഓടെ ജാസിദിഹ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ രോഹിണി ഗ്രാമത്തിലുള്ള തന്റെ വീടിന് പുറത്ത് കൊല്ലപ്പെട്ട സുഹൃത്തിനെ കണ്ടു. തുടര്‍ന്ന് കുമ്രാബാദ് സ്‌റ്റേഷന്‍ റോഡിലേക്ക് പോയപ്പോള്‍ മറ്റൊരു സുഹൃത്ത് അവിനാഷും (19) തങ്ങളോടൊപ്പം കൂടിയെന്നും 14കാരന്‍ പോലീസിനോട് പറഞ്ഞു. മൂവരും പഴങ്ങാ പഹാഡ് കാട്ടിലേക്ക് പോവുന്നതിനിടെ അവിനാഷും കൊല്ലപ്പെട്ട സുഹൃത്തുമായി തമ്മില്‍ വാക്കേറ്റമുണ്ടായി. ഉടന്‍തന്നെ അവിനാഷ് കത്തിയെടുത്ത് സുഹൃത്തിനെ കുത്തുകയും കഴുത്തറുക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൊലപ്പെടുത്തിയതിന് ശേഷം അവിനാഷ് കൈകളും കാലുകളും വെട്ടിമാറ്റി ശരീരഭാഗങ്ങള്‍ മൂന്ന് ചാക്കുകളിലാക്കി കാട്ടില്‍ തള്ളുകയായിരുന്നു. മൃതദേഹം കണ്ടെടുത്ത പോലീസ് അവിനാഷിനെ അറസ്റ്റ് ചെയ്തു. അവിനാഷും കുറ്റം സമ്മതിച്ചു. രക്തം പുരണ്ട കത്തിയും ഇരയുടെ മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 302 (കൊലപാതകം), 201 (കുറ്റകൃത്യത്തിന്റെ തെളിവുകള്‍ അപ്രത്യക്ഷമാകുന്നതിന് കാരണമാകുന്നത്), 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 34 എന്നിവ പ്രകാരം കേസെടുത്തു.