കോഴിക്കോട് : ഷാന്‍ വധക്കേസിലെ പ്രതികള്‍ സേവാഭാരതിയുടെ ആംബുലന്‍സിലാണ് രക്ഷപ്പെട്ടതെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. മാസങ്ങള്‍ നീണ്ട ഗൂഢാലോചനയ്ക്ക് ഒടുവിലാണ് ഷാന്‍ കൊല്ലപ്പെട്ടത് എന്നും കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ബിജെപി ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുകയാണ് എന്നും സത്താര്‍ പറഞ്ഞു.
’24 സ്ഥലങ്ങളില്‍ ഭീകരപ്രവര്‍ത്തനം നടക്കുന്നു എന്നാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പേരെടുത്തു പറഞ്ഞത്. ഇവിടെയെല്ലാം മുസ്ലികള്‍ക്കെതിരെ കലാപങ്ങളുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണോ ഇതെന്ന് ഞങ്ങള്‍ സംശയിക്കുന്നു. അതിനായി നുണ പ്രചാരണം നടത്തുകയാണ്. നിരന്തരമായി ഇത് ആവര്‍ത്തിക്കുന്നു. ആലപ്പുഴയില്‍ ആംബുലന്‍സില്‍ വന്ന് കലാപമുണ്ടാക്കി എന്ന് പറയുന്നു. ഷാന്റെ മയ്യിത്ത് കൊണ്ടു പോയ ആംബുലന്‍സിനെ കുറിച്ചാണ് പറയുന്നത്.
എന്നാല്‍ ഷാന്റെ കൊലപാതകികള്‍ രക്ഷപ്പെട്ടത് സേവാ ഭാരതിയുടെ ആംബുലന്‍സിലാണ് സത്താര്‍ ആരോപിച്ചു.’സേവാ ഭാരതിയുടെ ആംബുലന്‍സാണ് ആര്‍എസ്‌എസ് ഈ കലാപങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇവയില്‍ ആയുധം കടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പറവൂരിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് ആംബുലന്‍സില്‍ ബിജെപിക്കാര്‍ തോക്കുമായി വന്നു. ജനങ്ങള്‍ പിടിച്ച് പോലീസിലേല്‍പ്പിക്കുകയാണ് ചെയ്തത്. കലാപമുണ്ടാക്കാന്‍ തങ്ങള്‍ എന്താണോ ചെയ്യുന്നത് അത് മറ്റുള്ളവരുടെ മേല്‍ ആരോപിക്കുകയാണ് ബിജെപി ചെയ്യുന്നത്. സംസ്ഥാനത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്ന കെ സുരേന്ദ്രനെയും അതിന് ചുക്കാന്‍ പിടിക്കുന്ന വത്സന്‍ തില്ലങ്കേരിയെയും അറസ്റ്റു ചെയ്ത് ജയിലിടക്കണം’ – അദ്ദേഹം ആവശ്യപ്പെട്ടു.