ചെന്നൈ : സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ രണ്ട് പെണ്‍കുട്ടികള്‍ ചേര്‍ന്ന് കൊന്നു കുഴിച്ചുമൂടി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ സഹായത്തോടെ 2 പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്നാണ് യുവാവിനെ കൊന്നു കുഴിച്ചു മൂടിയത്. റെഡ്ഹില്‍സിനടുത്ത് ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് സംഭവം.
തങ്ങളെ ഭീഷണിപ്പെടുത്തിയ യുവാവിനെ പെണ്‍കുട്ടികള്‍ കൊല്ലാൻ പദ്ധതി തയ്യാറാക്കുകയും അതിന് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ സഹായം തേടുകയും ആയിരുന്നു. കോളേജ് വിദ്യാര്‍ത്ഥിയായ പ്രേംകുമാര്‍ ആണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇയാള്‍ ഒരു വര്‍ഷത്തിലേറെയായി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഏകദേശം ഒന്നര ലക്ഷത്തിലേറെ കൈക്കലാക്കി.
ശല്യം സഹിക്കാന്‍ കഴിയാതായതോടെ സുഹൃത്തിന്റെ സഹായത്തോടെ കുട്ടികള്‍ പണം നല്‍കാനെന്ന വ്യാജേന പ്രേംകുമാറിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രേംകുമാറിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പോലീസ് കണ്ടെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.