പത്തനംതിട്ട : നിസ്സഹായവസ്ഥയിൽ ലൈംഗികപീഡനത്തിനു വഴങ്ങുന്നത് സമ്മതമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. സാമൂഹികവും മാനസികവുമായ ഭീഷണിയാലുള്ള കീഴടങ്ങൽ സമ്മതമായി കണക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. വിളിച്ചപ്പോഴൊക്കെ പ്രതിയുടെ വീട്ടിലേക്ക് വന്ന പെൺകുട്ടി വഴങ്ങിയതിനെ സമ്മതമായി കണക്കാക്കണമെന്നായിരുന്നു അപ്പീലിലെ വാദം .
പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ തിരുവല്ല സ്വദേശി 67കാരനായ പി.കെ. തങ്കപ്പന് പത്തനംതിട്ട സെഷൻസ് കോടതി വിധിച്ച എട്ടു വർഷത്തെ തടവുശിക്ഷ ശരിവെച്ചാണ് ഹൈക്കോടതി ഉത്തരവ്. 2009 ഫെബ്രുവരി മുതൽ തുടർച്ചയായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. എന്നാൽ നിരപരാധിയാണെന്നും പെൺകുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി പ്രതി നൽകിയ അപ്പീൽ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
വീട്ടിൽ ടി. വി കാണാനെത്തിയ കുട്ടിയെ ഇയാൾ പീഡിപ്പിച്ചെന്നും പിന്നീടു പ്രതി ആവശ്യപ്പെട്ടപ്പോഴൊക്കെ പെൺകുട്ടിക്ക് വഴങ്ങേണ്ടി വന്നെന്നുമാണ് പ്രോസിക്യൂഷൻ കേസ്. വിളിച്ചപ്പോഴൊക്കെ പ്രതിയുടെ വീട്ടിലേക്ക് വന്ന പെൺകുട്ടി വഴങ്ങിയതിനെ സമ്മതമായി കണക്കാക്കണമെന്നായിരുന്നു അപ്പീലിലെ വാദം. എന്നാൽ, ഈ വാദം തെറ്റാണെന്നും പെൺകുട്ടിയുടെ സമ്മതം നിസഹായവസ്ഥയിൽ നിന്നുണ്ടായതാണെന്ന് വ്യക്തമാണെന്നും കോടതി വിലയിരുത്തി.