ശബരിമല : കഴിഞ്ഞ മണ്ഡലകാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആദ്യത്തെ 12 ദിവസത്തെ കണക്കുകള്‍ അനുസരിച്ച് നോക്കിയാല്‍ 15. 90 കോടിയോളം രൂപയുടെ വരുമാന വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. 15,89,12,575രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 63,01.14,111 രൂപയാണ് ആകെ വരുമാനം. അപ്പം, അരവണ വില്‍പ്പനയിലും വന്‍ വര്‍ധനവുണ്ട്. കഴിഞ്ഞ മണ്ഡലകാലത്ത് 12-ാം ദിവസം വരെ അപ്പം വില്പന വഴി ലഭിച്ചത് 31399245 രൂപയാണ്. ഈ തീര്‍ത്ഥാടന കാലത്ത് അപ്പം വില്പന വരവ് 35328555 രൂപയാണ്. അപ്പം വില്പനയില്‍ 3929310 രൂപയുടെ അധിക വരുമാനമാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് അരവണ വില്പനയിലൂടെ ലഭിച്ചത് 194051790 രൂപയാണ്. ഇത്തവണ 289386310 രൂപയാണ് അരവണ വില്പനയിലൂടെ ലഭിച്ചത്. അരവണ വില്പനയിലൂടെ 95334520 രൂപയുടെ അധിക വരുമാനമാണ് കഴിഞ്ഞ മണ്ഡലകാലത്തെ (12ാം ദിവസം വരെ) അപേക്ഷിച്ച് ഇത്തവണ ഉണ്ടായിരിക്കുന്നത്.
മണ്ഡലകാലം ആരംഭിച്ച് 14 ദിവസം പിന്നിടുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വര്‍ധിച്ചിട്ടും സുഗമമായ ദര്‍ശനം ഉറപ്പാക്കാനായത് നേട്ടമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ഇരുപത്തിലധികമുള്ള സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സംയുക്തപ്രവര്‍ത്തനങ്ങളുടെ ഫലമാണിത്. മുഖ്യമന്ത്രിയും മന്ത്രിമാരും നല്‍കിയ പിന്തുണയും നിര്‍ണായകമായെന്ന് അദ്ദേഹം പറഞ്ഞു. പത്ത് ലക്ഷത്തിലധികം ഭക്തരാണ് സീസണ്‍ ആരംഭിച്ചതിനു ശേഷം ശബരിമലയിലെത്തിയത്. ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത് വ്യാഴാഴ്ചയായിരുന്നു. 87999 പേരാണ് ഈ ദിവസം ദര്‍ശനത്തിനെത്തിയത്. ബോര്‍ഡ് അംഗങ്ങളായ അഡ്വ. എ. അജികുമാര്‍, ജി.സുന്ദരേശന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.