വീയപുരം : വേനൽമഴ ശക്തി പ്രാപിക്കുന്നതിനിടെ വീയപുരം പ്രയാറ്റേരി മണിയങ്കേരി പാടശേഖരത്തിൽ 1500 ക്വിന്റൽ നെല്ല് കെട്ടിക്കിടക്കുന്നു. കൊയ്ത്തുകഴിഞ്ഞിട്ട് 10 ദിവസമായി. ഉണക്കി കൂട്ടിയിട്ടിരിക്കുന്ന നെല്ലാണിത്. വേനൽമഴയിൽ പാടത്ത് വെള്ളമുയർന്നാൽ നെല്ല് നശിക്കുമെന്ന ഭീതിയിലാണ് കർഷകർ. സിവിൽ സപ്ലൈസ് ഏർപ്പെടുത്തിയ മില്ലുകാരെത്തി 100 കിലോഗ്രാമിന് രണ്ടു കിലോ കിഴിവാണ് ആവശ്യപ്പെട്ടത്. കർഷകർ ഒന്നരക്കിലോ പറഞ്ഞിട്ടും മില്ലുകാർ സമ്മതിച്ചില്ല. ഒടുവിൽ മില്ലുകാരുടെ സമ്മർദ്ദത്തിനുവഴങ്ങി നെല്ലെടുക്കാൻ കർഷകർ സമ്മതിച്ചു.
എന്നാൽ പാടശേഖരത്തിൽ മൂടിയിട്ടിരിക്കുന്ന നെല്ല് പ്രധാന റോഡിലെത്തിച്ചെങ്കിൽ മാത്രമേ നെല്ലെടുക്കുകയുള്ളൂവെന്ന് മില്ലുകാർ വാശിപിടിച്ചു. ഇതിനാൽ റോഡരികിൽ മൂടയിട്ട മൂന്നുലോഡ് നെല്ല് മാത്രമാണ് മില്ലുകാർ ഏറ്റെടുത്തത്. ബാക്കി നെല്ലു മുഴുവൻ പാടത്തുതന്നെയാണ്. വൈകുന്നേരങ്ങളിലെ മഴ കർഷകരുടെ പ്രതീക്ഷകളെ തകർക്കുകയാണ്. നെല്ലെടുപ്പ് വൈകുന്നതിനാൽ പാടത്ത് മൂടയിട്ടിരിക്കുന്ന നെല്ല് എല്ലാദിവസവും മൂട മാറ്റി ഉണക്കിയെടുക്കണ്ട ഗതികേടിലാണ് കർഷകർ. ഇത് കർഷകർക്ക് അധികച്ചെലവു വരുത്തുകയാണ്.