തിരുവനന്തപുരം : 2016 ല്‍ പിണറായി വിജയന്‍റെ നേതൃത്വത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് ഇതുവരെ കൊല്ലപ്പെട്ടത് 22 സി പി ഐ എം പ്രവര്‍ത്തകര്‍. ഇതില്‍ 16 കൊലപാതകങ്ങളിലും ആര്‍ എസ് എസ് -ബി ജെ പി പ്രവര്‍ത്തകരാണ് പ്രതികള്‍ എന്നും സി പി ഐ എം സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
പിണറായി വിജയന്‍റെ മണ്ഡലമായ ധര്‍മടത്തായിരുന്നു എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ കാലത്തെ ആദ്യ രാഷ്ട്രീയ കൊലപാതകം. 2016 മേയ് 19 ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫ് വിജയിച്ചതിന്‍റെ ആഹ്ളാദ പ്രകടനം നടത്തുന്നതിനിടെയാണ് കൊലപാതകം നടന്നത്. സി വി രവീന്ദ്രന്‍ എന്ന പാര്‍ട്ടി പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടിരുന്നത്. വിജയാഹ്ളാദ പ്രകടനത്തിലുണ്ടായിരുന്ന രവീന്ദ്രനെ ബോംബെറിഞ്ഞ് വീഴ്ത്തി വാഹനം കയറ്റി കൊലപ്പെടുത്തുകയായിരുന്നു എന്ന് സി പി ഐ എം പറയുന്നു. 2016 ല്‍ മാത്രം ആര്‍ എസ് എസുകാര്‍ പ്രതികളായ ആറ് കൊലപാതകമാണ് നടന്നത്. അതില്‍ ചേര്‍ത്തലയിലെ ഷിബു എന്ന സുരേഷ് കൊല്ലപ്പെട്ടത് പിണറായി വിജയന് അധികാരത്തിലേറുന്നതിന് മുമ്പ്2016 ഫെബ്രുവരിയിലായിരുന്നു.
2016 ല്‍ കൊല്ലപ്പെട്ട ബാക്കി രണ്ട് പേരും കണ്ണൂരില്‍ നിന്നുള്ളവരായിരുന്നു. പയ്യന്നൂരിലെ സി വി ധനരാജും വാളാങ്കിച്ചാല്‍ മോഹനനും. പിന്നീട് തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി ശശികുമാര്‍ മേയ് 27 നും തിരുവനന്തപുരം കരമന സ്വദേശി ടി സുരേഷ്‌കുമാര്‍ ആഗസ്റ്റ് 13നും കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷമാദ്യം കണ്ണൂര്‍ തലശ്ശേരി പുന്നോലില്‍ ഹരിദാസനും കൊല്ലപ്പെട്ടിരുന്നു.
ഈ കേസിലും ആര്‍ എസ് എസ് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. അതേസമയം ആലപ്പുഴയില്‍ സിയാദും തിരുവനന്തപുരത്ത് മിഥിലാജ്, ഹക്ക് മുഹമ്മദ് എന്നിവരും ഇടുക്കിയില്‍ ധീരജും കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസുകാരായിരുന്നു പ്രതികള്‍. എറണാകുളത്ത് എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ എസ് ഡി പി ഐയും കാസര്‍കോട്ട് ഔഫ് അബ്ദുറഹ്മാനെ മുസ്ലിം ലീഗും കൊലപ്പെടുത്തുകയായിരുന്നു.
2016- 2022 കാലയളവില്‍ ആര്‍.എസ്.എസ് സംഘം കൊലപ്പെടുത്തിയ സി പി ഐ എം പ്രവര്‍ത്തകര്‍ ഇവരാണ്. ഷിബു (ചേര്‍ത്തല ആലപ്പുഴ), സി വി രവീന്ദ്രന്‍ ( പിണറായി കണ്ണൂര്‍ ), ശശികുമാര്‍ (ഏങ്ങണ്ടിയൂര്‍ തൃശൂര്‍ ), സി വി ധനരാജ് ( പയ്യന്നൂര്‍ കണ്ണൂര്‍ ), ടി സുരേഷ്‌കുമാര്‍ ( കരമന തിരുവനന്തപുരം ), മോഹനന്‍ ( വാളാങ്കിച്ചാല്‍ കണ്ണൂര്‍ ), പി മുരളീധരന്‍ ( ചെറുകാവ് മലപ്പുറം).
ജി ജിഷ്ണു (കരുവാറ്റ ആലപ്പുഴ), മുഹമ്മദ് മുഹസിന്‍ ( വലിയമരം ആലപ്പുഴ), കണ്ണിപ്പൊയ്യില്‍ ബാബു ( കണ്ണൂര്‍), അബൂബക്കര്‍ സിദ്ദിഖ് ( കാസര്‍കോട് ), അഭിമന്യു (വയലാര്‍ ആലപ്പുഴ), പി യു സനൂപ് (പുതുശേരി തൃശൂര്‍), ആര്‍ മണിലാല്‍ ( മണ്‍റോതുരുത്ത് കൊല്ലം), പി ബി സന്ദീപ് ( പെരിങ്ങര പത്തനംതിട്ട), ഹരിദാസന്‍ ( തലശേരി കണ്ണൂര്‍), ഷാജഹാന്‍ (പാലക്കാട്) എന്നിവരാണ് ആര്‍ എസ് എസുകാരാല്‍ കൊല്ലപ്പെട്ടത് എന്ന് സി പി ഐ എം പറയുന്നത്.