ദിനാജ്പൂർ : പലമോഡലിൽ പല ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടാണ് പുതിയ സ്മാർട്ട്ഫോണുകൾ ഇറങ്ങുന്നത്. യുവാക്കൾക്ക് മാത്രമല്ല പ്രായഭേദമന്യേ എല്ലാവരും ഇന്ന് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാറുണ്ട്. ചില കുട്ടികൾക്ക് സ്മാർട്ട്ഫോണുകൾ എന്നത് സ്വപ്നം തന്നെയാണ്. വിലകൂടിയ ഫോണുകൾ തന്നെ വേണമെന്ന് വാശിപിടിക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. അതിനായി പണം സ്വരുക്കൂട്ടിവെച്ചും പാർട്ടൈം ജോലി ചെയ്തും പണം സ്വരൂപിക്കാറുണ്ട്. ഇങ്ങനെ നിങ്ങളുടെ ലക്ഷ്യം നേടാൻ എത്ര ദൂരം നിങ്ങൾക്ക് പോകാനാകും?
ബംഗാളിലെ ദിനാജ്പൂരിൽ നിന്നുള്ള ഒരു 16 വയസ്സുകാരി തന്റെ രക്തം വിൽക്കാൻ ശ്രമിച്ച വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. എന്തിനാണെന്നല്ലേ? ഏറ്റവും ഇഷ്ടപ്പെട്ട ഗാഡ്‌ജെറ്റ് സ്വന്തമാക്കാൻ. വിശ്വസിക്കാൻ പ്രയാസം തോന്നുന്നുണ്ടല്ലേ… ദിനാജ്പൂരിലെ തപൻ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയാണ് ഈ 12-ാം ക്ലാസ് വിദ്യാർത്ഥിനി. 9,000 രൂപ വിലയുള്ള സ്‌മാർട്ട്‌ഫോൺ ഓൺലൈനായി ഓർഡർ ചെയ്‌തെങ്കിലും ഇത്രയും തുക സ്വരൂപിക്കാൻ അവൾക്ക് സാധിച്ചില്ല. അതിനായി പണം സ്വരൂപിക്കാൻ വേണ്ടിയാണ് ബാലൂർഘട്ടിലെ ജില്ലാ ആശുപത്രിയിൽ എത്തി രക്തം വിൽക്കാൻ തീരുമാനിച്ചത്.
രക്തം നൽകുന്നതിന് പകരം പെൺകുട്ടി പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഞെട്ടിക്കുന്ന സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. രക്തം ദാനം ചെയ്യുന്നതിനായി പെൺകുട്ടി പണം ആവശ്യപ്പെട്ടപ്പോൾ തങ്ങൾക്ക് സംശയം തോന്നിയതായി ബ്ലഡ് ബാങ്ക് ജീവനക്കാരൻ കനക് ദാസ് പറഞ്ഞു. ഉടൻ തന്നെ ആശുപത്രി ജീവനക്കാർ ശിശു സംരക്ഷണ വിഭാഗത്തെ വിവരമറിയിക്കുകയും അവർ ആശുപത്രിയിലെത്തുകയും ചെയ്തു. അന്വേഷണത്തിനൊടുവിലാണ് യഥാർത്ഥ കാരണം കണ്ടെത്തിയത്. ചൈൽഡ് കെയർ അംഗം റീത മഹ്തോ പറയുന്നതനുസരിച്ച് ഓൺലൈനിൽ ഓർഡർ ചെയ്ത ഫോൺ ഉടൻ ഡെലിവറി ചെയ്യുമെന്നും അതിനുമുമ്പ് പണം സ്വരൂപിക്കാൻ വേണ്ടിയാണ് രക്തം വിൽക്കുക എന്ന ആശയത്തിൽ ഈ പതിനാറുകാരി എത്തിയതെന്നും പറയുന്നു.