റാന്നി : വെച്ചൂച്ചിറയിൽ പതിനാറുകാരിയെ വിവാഹവാഗ്ദാനം ചെയ്ത് ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും വശീകരിച്ച് തട്ടിക്കൊണ്ടുപോകുകയും ചെയ്ത യുവാവിനെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വലമ്പൂർ പൂപ്പാലം പെരിന്തൽമണ്ണ നൂരിയ ഓർഫനേജിൽ എ പി ഹാഷിം (22) ആണ് പോലിസിൻ്റെ പിടിയിലായത്. പ്രണബന്ധത്തിലാവുകയും തുടർന്ന് വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷം കുട്ടിയെ നിരന്തരം ഫോണിൽ വിളിച്ച് ലൈംഗിക താൽപര്യത്തോടെ സംസാരിക്കുമായിരുന്ന യുവാവ് ഈ മാസം 24ന് കുട്ടിയുടെ വീടിന് സമീപം റോഡിൽ വെച്ച് കടന്നുപിടിച്ച് ലൈംഗിക അതിക്രമത്തിനു വിധേയയാക്കി. തുടർന്ന് 30 ന് രാവിലെ ഒമ്പതോടെ ഇടകടത്തി മന്ദിരം പടിയിൽ നിന്നും പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു. 30 ന് രാവിലെ വീട്ടിൽ നിന്നുപോയ പെൺകുട്ടി സ്കൂളിൽ എത്താത്തതിനെ തുടർന്ന് പിതാവ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
കുട്ടി സ്ഥിരം യാത്ര ചെയ്യുന്ന ബസിൽ കയറാതെ പിന്നാലെ വന്ന പാമ്പാടിക്കുള്ള ബസിൽ കയറിയതായി ബന്ധുക്കൾക്ക് കിട്ടിയ വിവരം ഉടനെ തന്നെ പോലീസിനെ അറിയിച്ചു. കുട്ടിയെ കാണാത്തത് സംബന്ധിച്ച് പിതാവിന്റെ മൊഴിയെടുക്കുമ്പോൾ കിട്ടിയ ഈ വിവരം എരുമേലി പോലീസിന് കൈമാറി. നിരീക്ഷണം നടത്തിയ പാമ്പാടി പോലീസ് ബസിൽ നിന്നും ഇരുവരെയും കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചു. പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നിർദേശപ്രകാരം പോലീസ് സംഘം അവിടെയെത്തി ഇരുവരെയും കൂട്ടിക്കൊണ്ടുവന്നു. തുടർന്ന് യുവാവിനെ വിശദമായി ചോദ്യം ചെയ്തു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തിയതിൽ 4 മാസമായി ഹാഷിമുമായി സ്‌നാപ് ചാറ്റ് ഓൺലൈൻ വഴി പരിചയപ്പെട്ട് ചാറ്റിങ് നടത്തിവരുന്നതായി പോലീസിന് വ്യക്തമായി. പെൺകുട്ടിയുമായി വയനാടിന് പുറപ്പെടാനായി തീരുമാനിച്ചിരുന്നെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
കഴിഞ്ഞ ഒരു വർഷമായി വെച്ചൂച്ചിറ സ്റ്റേഷൻ പരിധിയിലെ അരയൻപാറയിൽ വീട്ടിൽ അമ്മയോടും രണ്ടാനച്ഛനോടുമൊപ്പം വാടകയ്ക്ക് താമസിക്കുന്ന ഇയാൾ മണിമലയിലുള്ള കോഴിക്കടയിൽ ജോലി ചെയ്യുകയാണ്. കുട്ടിയെ വയനാടിനു കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം തടയാൻ വെച്ചൂച്ചിറ പോലീസിന്റെ സമയോചിതമായ ഇടപെടലും അന്വേഷണവും ഉപകരിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേഷനിൽ നിരീക്ഷണത്തിൽ സൂക്ഷിച്ചു വന്ന ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി. വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ് ഐ വിനോദ് പി മധു, എസ് സി പി ഓ പി കെ ലാൽ, സിവിപി ഓമാരായ ജോൺസി, ജി സോജു, സ്മിത എന്നിവരാണ് ഉണ്ടായിരുന്നത്.