ചെന്നൈ : തമിഴ്നാട്ടിലെ കരൂരിൽ പീഡനത്തിനിരയായ പ്ലസ് ടു വിദ്യാർഥിയായ 17-കാരി ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച വൈകീട്ടോടെ കരൂരിലെ വീട്ടിനുള്ളിലാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലൈംഗിക അതിക്രമത്തിന് ഇരയായെന്ന ആത്മഹത്യാ കുറിപ്പ് കുട്ടിയുടെ മുറിയിൽ നിന്നു ലഭിച്ചതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് പെൺകുട്ടി സ്കൂൾ വിട്ട് വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് സംഭവം.
മുറിയിൽ കയറി കതകടച്ച പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവസമയം കുട്ടിയുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ പുറത്തേക്ക് കാണാത്തതിനാൽ അയൽവാസിയായ യുവതി വീട്ടിലെത്തി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്. ഉടൻ തന്നെ കുട്ടിയുടെ അമ്മയെയും പോലീസിനേയും ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
തന്നെ പീഡിപ്പിച്ചത് ആരാണെന്ന് പറയാൻ പേടിയാണെന്ന് കുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. കരൂർ ജില്ലയിൽ ലൈംഗിക അതിക്രമത്തിന് ഇരയായി ആത്മഹത്യ ചെയ്യുന്ന അവസാന പെൺകുട്ടി താനാകണം. ഏറെക്കാലം ജീവിക്കണമെന്നും മറ്റുള്ളവരെ സഹായിക്കണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാൽ എനിക്ക് പോകാൻ സമയമായി.
കുടുംബത്തെ ഏറെ സ്നേഹിക്കുന്നതായും ആത്മഹത്യ ചെയ്യാനുള്ള കടുത്ത തീരുമാനമെടുത്തതിൽ ക്ഷമ ചോദിക്കുന്നതായും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. കുട്ടിയുടെ പിതാവ് രണ്ട് വർഷം മുമ്പ് മരിച്ചിരുന്നു. ഇതിനുപിന്നാലെ മുത്തശ്ശിയും അടുത്ത ബന്ധുവും അടുത്തിടെ മരണപ്പെട്ടിരുന്നു. ഇതിനുശേഷം അമ്മയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.