പത്തനംതിട്ട : ‘ഹൃദ്യം’ സർക്കാർ പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ 175 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ജന്മനാ ഹൃദ്രോഗമുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് പദ്ധതിയിലൂടെ പ്രയോജനം ലഭിച്ചത്. ജില്ലയിൽ 635 കുട്ടികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈവർഷം മാത്രം 37 കുട്ടികൾ രജിസ്റ്റർ ചെയ്തു. 12 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. അവർക്ക് ചികിത്സയും തുടർചികിത്സയും നൽകുന്നുണ്ട്. ജന്മനാ ഹൃദയവൈകല്യമുള്ള ഏതൊരു കുഞ്ഞിനും വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. സേവനങ്ങൾക്ക് www.hridyam.kerala.gov.in ലിങ്കിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യുമ്പോൾ രക്ഷാകർത്താക്കളുടെ ഫോൺ നമ്പറിലേക്ക് കേസ് നമ്പർ മെസേജ് ആയി ലഭിക്കും.
ശസ്ത്രക്രിയ സൗജന്യമായി സർക്കാർതലത്തിൽ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണുള്ളത്. സ്വകാര്യമേഖലയിൽ തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, കൊച്ചി അമൃത ആശുപത്രി, കൊച്ചി ലിസി ആശുപത്രി എന്നിവിടങ്ങളിലുമുണ്ട്. പദ്ധതി വഴി എക്കോ, സി.ടി., കാത്ത്‌ലാബ് പ്രൊസീജിയർ എം.ആർ.ഐ. തുടങ്ങിയ പരിശോധനകൾ, സർജറി ആവശ്യമായ ഇടപെടലുകൾ എന്നിവയും സൗജന്യമായി ലഭിക്കും. അവശ്യഘട്ടങ്ങളിൽ എംപാനൽ ചെയ്ത ആശുപത്രികളിലേക്ക് വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് സേവനവുമുണ്ട്.