തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന് തലവേദനയായി പുതിയ മരണകണക്കുകള്‍. സംസ്ഥാനത്ത് 1795 കോവിഡ് രോഗികള്‍ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മരണമടഞ്ഞതായി അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 444 പേര്‍ ഹോം ഐസൊലേഷനില്‍ കഴിഞ്ഞിരുന്നവരാണ് എന്നത് ആരോഗ്യവകുപ്പിനെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.
ഇതോടെ ഹോം ഐസൊലേഷനില്‍ കഴിയുന്ന മറ്റ് രോഗങ്ങളുള്ള കോവിഡ് രോഗികളോട് അടിയന്തിരമായി പരിശോധന നടത്താനും ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറാനും അധികൃതര്‍ ആവശ്യപ്പെട്ടു. പ്രമേഹം ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതോടൊപ്പം സംസ്ഥാനത്തെ കോവിഡ് റാപ്പിഡ് റെസ്പോണ്‍സ് ടീമിനോട് കുറച്ചു കൂടി സജീവമാകാനും ഇത്തരം രോഗങ്ങളുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.