പത്തനംതിട്ട : ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും 18 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എന്‍ എ ബി എച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികളായ പത്തനംതിട്ട, പള്ളിക്കല്‍, കല്ലേലി, റാന്നി അങ്ങാടി, വള്ളംകുളം, പന്തളം തെക്കേക്കര, കവിയൂര്‍, കൊറ്റനാട് ആയുര്‍വേദ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളായ പുതുശ്ശേരിമല, കോഴഞ്ചേരി, ആറന്മുള, നാരങ്ങാനം, ഇലന്തൂര്‍, കുറ്റപ്പുഴ, കുറ്റൂര്‍, പ്രമാടം, കുളനട, പന്തളം എന്നീ ഹോമിയോ സ്ഥാപനങ്ങളുമാണ് ജില്ലയില്‍ എന്‍ എ ബി എച്ച് അംഗീകാരത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്.
ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടില്‍ ഉറച്ച ഒരു കര്‍മ്മ പദ്ധതി രൂപീകരിക്കുകയും അത് സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് അംഗീകാരം. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വകുപ്പുതല ജില്ലാ ക്വാളിറ്റി ടീമുകള്‍ രൂപീകരിച്ചു. ഒരോ ജില്ലയിലും എന്‍ എ ബി എച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാതല നോഡല്‍ ഓഫീസര്‍മാരെയും ഫെസിലിറ്റേഴ്‌സിനെയും നിയോഗിച്ചിരുന്നു. നാഷണല്‍ ആയുഷ് മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ആയുര്‍വേദ, ഹോമിയോ വകുപ്പുകളുടെ നിരന്തരമായ പരിശ്രമഫലമായാണ് ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചത്. രണ്ടാം ഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ 13 സ്ഥാപനങ്ങളാണ് ജില്ലയില്‍ നിന്നും എന്‍ എ ബി എച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.