കോന്നി : കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ആക്രമണങ്ങൾ വർധിക്കുന്നു. കോന്നി ഫോറെസ്റ്റ് റേഞ്ചിന്റെ കീഴിൽ 2023 ൽ 19 പേരാണ് കാട്ടുപന്നി ആക്രണങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞത്. 2024 ഫെബ്രുവരി മാസം വരെ രണ്ട് പേർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. വനം വകുപ്പിന് നഷ്ട്ടപരിഹാരത്തിനായി ലഭിച്ച അപേക്ഷകളിൽനിന്നും മാത്രമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. അപേക്ഷകൾ നൽകാൻ കഴിയാതെ പോയ സംഭവങ്ങളും അനവധിയാണ്. പുലർച്ചെ നടക്കാൻ ഇറങ്ങിയവർക്കും പുലർച്ചെയും രാത്രിയിലും ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്തവരും ആണ് കാട്ടുപന്നി ആക്രമണങ്ങൾക്ക് കൂടുതലും ഇരകളായിട്ടുള്ളത്.
വർഷങ്ങളായി ചികിത്സയിൽ കഴിയുന്നവരും അനവധിയാണ്. വന്യ ജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് വനം വകുപ്പ് ചികിത്സാ ധനസഹായം നൽകുന്നുണ്ട് എങ്കിലും പല അപേക്ഷകളും മതിയായ ഫണ്ട് ലഭ്യമാകാത്തതിനാൽ പണം അനുവദിച്ച് നൽകാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് വനം വകുപ്പ് അധികൃതർ കോന്നി താലൂക്ക് വികസന സമിതി യോഗത്തെ അറിയിച്ചിരുന്നു. അരക്ക് കീഴ്പോട്ട് തളർന്ന് പോയവരും കിടപ്പിലായവരും ഉൾപ്പെടെ ഈ പട്ടികയിൽ പെടുന്നു. ഫോറെസ്റ്റ് റേഞ്ച് ഓഫീസുകളിൽ നിന്നും വനം ഡിവിഷൻ ഓഫീസിലേക്ക് നൽകുന്ന കണക്കുകൾ പ്രകാരം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ച് കാത്തിരിക്കുകയാണ് അധികൃതർ.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്കാണ് ഈ അവസ്ഥ എന്നതിനാൽ തന്നെ ചികിത്സക്ക് മറ്റും പണം കണ്ടെത്താൻ കഴിയാത്ത നിരവധി കുടുംബങ്ങൾ കോന്നിയിൽ ഉണ്ട്. കോന്നി മാമൂട്ടിൽ ആഴ്ചകൾക്ക് മുൻപാണ് സംസ്ഥാന പാതയിൽ വെച്ച് ഇരുചക്ര വാഹനയാത്രക്കാരനായ യുവാവ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. നാട്ടിൻ പുറങ്ങളിലെ കാട് തെളിക്കാതെ കിടക്കുന്ന റബ്ബർ തോട്ടങ്ങളും പറമ്പുകളും കാട്ടുപന്നിയുടെ ആവാസ കേന്ദ്രങ്ങളായി മാറുന്നുണ്ട്. ഉടമസ്ഥർ സ്ഥലത്തില്ലാത്ത കിടക്കുന്ന പറമ്പുകളിൽ ആണ് കാട്ടുപന്നികൾ താവളമാക്കിയിരിക്കുന്നതിൽ അധികവും. ഈ കാടുകൾ വൃത്തിയാക്കുവാൻ വനം വകുപ്പും ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരും ഇടപെടൽ ശക്തമാക്കേണ്ടത് ആവശ്യമാണ്.