തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ ഡിജിറ്റല്‍ പഠനം ജൂണ്‍ ഒന്നിനു ആരംഭിക്കും. അതോടൊപ്പം കോവിഡ് നിയന്ത്രണങ്ങള്‍ മാറിക്കഴിഞ്ഞാല്‍ ജൂണ്‍ 15നു സർവകലാശാല പരീക്ഷകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഡിജിറ്റല്‍ ക്ലാസുകള്‍ തുടരുന്നതിനൊപ്പം സ്‌കൂളുകള്‍ കുട്ടികള്‍ക്കു പഠനപിന്തുണ നല്‍കണം. വിദ്യാര്‍ത്ഥികള്‍ക്കു മൊബൈല്‍ ഫോണോ ടാബ് ലറ്റോ കമ്പ്യൂട്ടറോ ലഭ്യമാക്കാന്‍ കൂട്ടായ ശ്രമം വേണമെന്നും മന്ത്രി നിർദ്ദേശിച്ചു.
സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിനു തിരുവനന്തപുരത്തു നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അദ്ധ്യാപകരുടെ സാന്നിധ്യത്തില്‍ പ്രവേശനോത്സവം നടത്തും. പ്ലസ് വണ്‍ ക്ലാസുകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കു ജൂണില്‍ തന്നെ പ്ലസ്ടു ക്ലാസുകളും തുടങ്ങാന്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യുഐപി) അവലോകനയോഗത്തില്‍ തീരുമാനമായി. എന്നാൽ പ്ലസ് വണ്‍ പരീക്ഷയുടെ കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും.
സര്‍വകലാശാല പരീക്ഷ ഓഫ് ലൈൻ
വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ യോഗം കഴിഞ്ഞദിവസം ഉന്നതവിദ്യാഭ്യാസ മന്ത്രി വിളിച്ചിരുന്നു. ഓണ്‍ലൈനല്ല, നേരിട്ടുള്ള ഓഫ് ലൈൻ പരീക്ഷ തന്നെയാകും അഭികാമ്യമെന്ന അഭിപ്രായമാണു പൊതുവേ ഉയര്‍ന്നത്. അതേസമയം സാങ്കേതിക സര്‍വകലാശാലയില്‍ (കെടിയു) അവസാന സെമസ്റ്റര്‍ പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
കേരള എന്‍ട്രന്‍സ് ജൂലൈ 24ന്
ഈ വര്‍ഷത്തെ കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷ (കീം) ജൂലൈ 24 ന്. രാവിലെ 10 മുതല്‍ 12.30 വരെ ഫിസിക്‌സ് – കെമിസ്ട്രിയും ഉച്ചയ്ക്കു ശേഷം 2.30 മുതല്‍ 5 വരെ മാത്സും നടത്തും. എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ ഒന്നിനു സ്വീകരിച്ചു തുടങ്ങും. വിശദ വിജ്ഞാപനം പിന്നീട്. കോവിഡ് സാഹചര്യത്തില്‍ ഇത്തവണ വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കുമ്പോൾ അവരുടെ ജില്ലയും താലൂക്കും കൂടി രേഖപ്പെടുത്തണം. കഴിവതും സ്വന്തം താലൂക്കില്‍ തന്നെ പരീക്ഷാകേന്ദ്രം അനുവദിക്കും. ഒരു താലൂക്കില്‍ 60 വിദ്യാര്‍ത്ഥികളെങ്കിലുമുണ്ടെങ്കില്‍ കേന്ദ്രം അനുവദിക്കും.