പത്തനംതിട്ട : യു.ഡി.എഫിലെ ചില നേതാക്കള്‍ ബി.ജെ.പിയിലേക്കെന്നു സൂചന. സീറ്റ് സംബന്ധിച്ചുള്ള തര്‍ക്കവും ഇതിനുകാരണമാണ് എന്നാണ് ലഭിക്കുന്ന വിവരം. യു.ഡി.എഫിലെ ചില പ്രമുഖ നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറുന്ന വാര്‍ത്ത ബി.ജെ.പി നേതാക്കളും തുറന്നു സമ്മതിക്കുന്നുണ്ട്.
കേരള ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ഉറപ്പിക്കുക എന്ന ബി.ജെ.പിയുടെ ലക്‌ഷ്യം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതുകൊണ്ടുതന്നെയാണ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും ഒരുപോലെ മത്സരിക്കുന്നത്. പരമ്പരാഗത വോട്ടുബാങ്കും പതിറ്റാണ്ടുകള്‍ പിന്നിട്ട പഴഞ്ചന്‍ തന്ത്രങ്ങളുമല്ല ബി.ജെ.പി ഉപയോഗിക്കുക. അധികാരവും പണവും കൃത്യമായി ഉപയോഗിച്ച് അധികാരം കയ്യാളാനുള്ള ബി.ജെ.പിയുടെ നീക്കത്തെ ചെറുക്കുവാന്‍ കോണ്‍ഗ്രസിനുപോലും കഴിയുന്നില്ല. സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ എല്‍.ഡി.എഫിലും യു.ഡി.എഫിലും ഉള്ള അസംതൃപ്തരെ തങ്ങളുടെ വലയില്‍ കുടുക്കുവാനാണ് ബി.ജെ.പി നീക്കം നടത്തുന്നത്. ഇതിനുവേണ്ടി ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ കേരളത്തില്‍ ക്യാമ്പ് ചെയ്യുവാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു. കോടികളാണ് പലയിടത്തും ഒഴുകുന്നത്. പലരും ബി.ജെ.പിയില്‍ ചെക്കേറിക്കഴിഞ്ഞു. മറ്റുചിലര്‍ വേഴാമ്പലിനെപ്പോലെ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.
പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട രണ്ടുനേതാക്കള്‍ ബി.ജെ.പി ഭാരവാഹികളുമായി പ്രാഥമിക ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇതിന് കേന്ദ്ര നേതാക്കളുടെ പിന്തുണയുമുണ്ട്. അടുത്തുതന്നെ ഇവര്‍ കൂടുമാറും എന്നസൂചനയാണ് പുറത്തു വരുന്നത്.