കൊച്ചി:ഈ ചൂട് കാലത്ത് പൊന്നും വിലയുള്ള പച്ചക്കറി ഏതാണെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേയുള്ളു. ചെറുനാരങ്ങ. കുറച്ചു മാസങ്ങൾക്കുള്ളിൽ വലിയ വർദ്ധനവാണ് സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇരട്ടിയിലധികം വില വർദ്ധനവുമായി ചെറുനാരങ്ങ വിപണി മുന്നേറുകയാണ്. ഇതിനിടയിൽ ഭയപ്പെടുത്തുന്ന സംഗതിയെന്തെന്നാൽ, വേനൽ കടുക്കുകയും റംസാൻ മാസം എത്തുകയും ചെയ്യുന്നതോടെ ചെറുനാരങ്ങയുടെ വില ഇനിയും വർദ്ധിക്കുമെന്നുള്ളതാണ്.
സംസ്ഥാനത്ത് ചൂട് കൂടിയതോടെയാണ് ചെറുനാരങ്ങയുടെ വില ക്രമാതീതമായി വർദ്ധിച്ചത്. ചെറുനാരങ്ങയുടെ വില ദിനംപ്രതി സംസ്ഥാനത്ത് കുതിച്ചുയരുന്ന സാഹചര്യമാണ്. നിലവിൽ 150 രൂപയാണ് ഒരു കിലോ ചെറുനാരങ്ങയുടെ വില. കടുത്ത ചൂടിൽ സംസ്ഥാനത്ത് ചെറുനാരങ്ങ ഉപഭോഗം വർദ്ധിച്ചതാണ് വില ഇത്രത്തോളം ഉയരാൻ കാരണം. മാത്രമല്ല ചെറുനാരങ്ങയുടെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. ഇതും വില വർദ്ധനവിന് കാരണമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്.
അതേസമയം അടുത്ത മാസത്തോടെ റംസാൻ കടന്നു വരികയാണ്. ഈ സാഹചര്യത്തിൽ നാരങ്ങ വില ഇരട്ടിയലധികമാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. നിലവിലെ വിലയിരുത്തലിൽ അടുത്ത മാസത്തോടെ ചെറുനാരങ്ങ നില 300 കടന്നേക്കുമെന്നാണ്. ഒരുപക്ഷേ ചെറുനാരങ്ങയുടെ വരവിൽ കുറവ് വന്നാൽ അതിനേക്കാൾ വിലയുയർന്നേക്കാമെന്നും വ്യപാരികൾ പറയുന്നു. വേനൽ കടുത്തതോടെ വഴിവക്കിൽ ദാഹശമനികൾ വിൽക്കുന്ന നിരവധി ചെറിയ കടകൾ രൂപം കൊണ്ടിരുന്നു. ഇത്തരം കടകളിൽ ചെറുനാരങ്ങയുപയോഗം വർദ്ധിച്ചതോടെയാണ് അതിനനുസരിച്ച് വിലയും വർദ്ധിച്ചത്.
ആഴ്ചകൾക്ക് മുൻപ് ചെറുനാരങ്ങയുടെ വില കിലോയ്ക്ക് 50 രൂപയായിരുന്നു. ഒരാഴ്ചക്കിടെ നൂറ് രൂപയോളം വര്‍ധിച്ച് 150 രൂപ മുതൽ മുകളിലേക്കാണ് ഇപ്പോഴത്തെ വില എത്തി നിൽക്കുന്നത്. ഈ വർഷത്തെ വേനല്‍ നീണ്ടു പോകുമെന്നാണ് കാലാവസ്ഥ വിദഗ്ധരും പ്രവചിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ നാരങ്ങയുടെ വില ഇനിയും ഉയരുമെന്നു തന്നെയാണ് വ്യാപാരികൾ പറയുന്നതും.
തമിഴ്നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ചെറുനാരങ്ങ ഇറക്കുമതി ചെയ്യുന്നത്. ഇത്രയും വില മുമ്പൊന്നും ഉണ്ടായിട്ടില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. ചെറുനാരങ്ങ വില കൂടിയത് നാരങ്ങാവെള്ളം വില്‍പനയെയും ബാധിച്ചു. നാരങ്ങാവെള്ളത്തിന് ചിലയിടങ്ങളില്‍ 20 രൂപവരെ ഈടാക്കുന്നുണ്ട്. ചെറുനാരങ്ങയുടെ വിലവര്‍ദ്ധന അച്ചാര്‍ ഉത്പാദനത്തെയും ബാധിക്കുന്ന സ്ഥിതിയാണ്. മുന്‍പ് 100 രൂപയ്ക്ക് മൂന്ന് കിലോ വരെ നാരങ്ങ ലഭിച്ചിരുന്നു. വരും ദിവസങ്ങളില്‍ വരവ് വര്‍ദ്ധിക്കുമെന്നും വില കുറയുമെന്നുള്ള പ്രതീക്ഷയും ചില വ്യാപാരികൾ പങ്കുവയ്ക്കുന്നുണ്ട്.