പത്തനംതിട്ട : അരുവാപ്പുലം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെട്ട വെള്ളാള മഹാസഭാ ഉപമന്ദിരം കഴിഞ്ഞ 20 വര്‍ഷമായി കെട്ടിട നമ്പര്‍ കിട്ടാതെ കരം അടയ്ക്കാനാകാത്ത നിലയിലാണ്. അധികാരത്തിന്റെ വാതിലുകള്‍ മുട്ടിമടുത്ത് മഹാസഭാ സെക്രട്ടറി എസ്. ശശിധരന്‍ പിള്ള ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മുന്നിലാണ് നീതിതേടിയെത്തിയത്. 40 വര്‍ഷമായുള്ള മന്ദിരത്തിന് കെട്ടിടം ഉണ്ടാക്കിയകാലം മുതല്‍ നമ്പറുള്ളതാണ്. വാര്‍ഡ് പുനര്‍നിര്‍ണയിച്ചപ്പോള്‍ കെട്ടിടം പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലേക്ക് മാറുകയും ഉടമസ്ഥാവകാശം മാറിയതായും കണ്ടെത്തി.
പഞ്ചായത്തീരാജ് ആക്ട് പ്രകാരം റോഡ് കയ്യേറിയാണ് ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് എന്നും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിച്ചിട്ടില്ല എന്ന കാരണവും പറഞ്ഞാണ് പഞ്ചായത്ത് സെക്രട്ടറി നമ്പര്‍ നിഷേധിച്ചത്. രേഖകള്‍ വിശദമായി പരിശോധിച്ചതില്‍നിന്നും 1994 ല്‍ കരമടച്ച രസീതില്‍ ശ്രീ മഹേശ്വരി വിലാസം ശൈവവെള്ളാളസഭ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഭാവിയില്‍ റോഡ്‌വികസനത്തിനായി കെട്ടിടം പൊളിച്ചുമാറ്റാന്‍ ഉടമസ്ഥര്‍ക്ക് സമ്മതവും ആണ്. ഈ സാഹചര്യത്തില്‍ സാങ്കേതികപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി തടസം നില്‍ക്കാതെ നമ്പര്‍ ഉടനടി നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി പരാതി പരിഹരിച്ചു.