ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ 20 കാരിയായ വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഗൗതം ബുദ്ധനഗറിലെ ദാദ്രിയിലെ ഡെറി സ്‌കാനാര്‍ ഗ്രാമത്തില്‍ നിന്നുള്ള സുദിക്ഷ ഭട്ടി ഓഗസ്റ്റ് 10 നാണ് ബുലന്ദ്ഷഹര്‍ ജില്ലയില്‍ റോഡപകടത്തില്‍ മരിച്ചത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ദീപക് ചൗധരി, രാജു എന്നീ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. യുഎസിലെ മസാച്യുസെറ്റ്‌സിലെ ബാബ്‌സണ്‍ കോളേജില്‍ സംരംഭകത്വത്തില്‍ ബിരുദ കോഴ്സ് പഠിച്ചുകൊണ്ടിരുന്ന അക്കാദമിക് മിടുക്കിയായ വിദ്യാര്‍ത്ഥി സുദിക്ഷ ഓഗസ്റ്റ് 20 ന് തിരികെ പോകാന്‍ ഇരിക്കുകയായിരുന്നു.
എന്നാല്‍ ഇതിനിടെ ഓഗസ്റ്റ് 10 ന് രണ്ട് അജ്ഞാത മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ അവളുടെ ഇരുചക്രവാഹനത്തെ പിന്തുടര്‍ന്ന് ഉപദ്രവിക്കുകയും തുടര്‍ന്ന് അപകടം സംഭവിക്കുകയുമായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. അതേസമയം, സംഭവത്തിന്റെ വിവരണം വളച്ചൊടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.