തൃശൂര്‍ : തൃശ്ശൂരില്‍ 200 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ ധന വ്യവസായ ബാങ്കേഴ്‌സ് നിക്ഷേപത്തട്ടിപ്പു കേസിലെ മുഖ്യപ്രതി കീഴടങ്ങി. ധന വ്യവസായ ബാങ്കേഴ്‌സ്, ധന വ്യവസായ സ്ഥാപനം എന്നിവയുടെ ഉടമയായ വടൂക്കര സ്വദേശി ജോയ് ഡി. പാണഞ്ചേരി (66) ആണു കീഴടങ്ങിയത്. അറസ്റ്റ് സിറ്റി സി ബ്രാഞ്ച് രേഖപ്പെടുത്തി. ജോയിയുടെ ഭാര്യയും സ്ഥാപനത്തിന്‍റെ മാനേജിങ് പാര്‍ട്ണറുമായ കൊച്ചുറാണി (60) ഒളിവില്‍ തുടരുന്നു. ബഡ്‌സ് ആക്‌ട് (നിയമ വിധേയമല്ലാത്ത നിക്ഷേപത്തിന്‍റെ നിരോധനം സംബന്ധിച്ച നിയമം) പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് ആയതിനാല്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടല്‍ അടക്കം വന്നേക്കും.
വന്‍ പലിശ വാഗ്ദാനം ചെയ്തു കോടികളുടെ നിക്ഷേപം സ്വീകരിക്കുകയായിരുന്നു ജോയിയും സംഘവും. 20% വരെ പലിശ വാഗ്ദാനം ചെയ്തു നൂറുകണക്കിന് നിക്ഷേപകരില്‍ നിന്ന് 200 കോടിയിലേറെ രൂപ തട്ടിയെടുത്ത ശേഷം ജോയിയും ഭാര്യ കൊച്ചുറാണിയും കമ്പനിയുടെ മറ്റു ഡയറക്ടര്‍മാരും മുങ്ങിയെന്നാണു കേസ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കമ്പനിയുടെ ഓഫിസുകള്‍ പൂട്ടിയ നിലയില്‍ കണ്ടതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായി പോലീസിനെ സമീപിച്ചു. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ മാത്രം 82 കേസുകള്‍ ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒല്ലൂര്‍, നെടുപുഴ, പേരാമംഗലം സ്റ്റേഷനുകളിലായി 85 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. പരാതി നല്‍കാന്‍ തയാറായ നിക്ഷേപകരില്‍നിന്നു മാത്രം 24.17 കോടി രൂപ പ്രതികള്‍ തട്ടിയെന്നാണു പോലീസ് കണ്ടെത്തല്‍.
അതേസമയം കേസില്‍ ധന വ്യവസായ ബാങ്കേഴ്‌സ് തട്ടിപ്പില്‍ ജോയ് ഡി. പാണഞ്ചേരിക്കു പിന്നാലെ കൊച്ചുറാണിയും മറ്റു കുടുംബാംഗങ്ങളും കൂടി അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളപ്പെട്ടതിനാല്‍ കൊച്ചുറാണിക്കു കീഴടങ്ങാതെ മാര്‍ഗമില്ല. കമ്പനിയുടെ പാര്‍ട്‌നര്‍മാരെന്ന നിലയിലാണ് ഇവരുടെ 2 മക്കളും മരുമക്കളും അന്വേഷണ നിഴലിലാകുന്നത്. കമ്പനിയില്‍ സാമ്പത്തിക പങ്കാളിത്തമുള്ള മരത്താക്കര, തിരുവനന്തപുരം സ്വദേശികളായ വ്യവസായികളിലേക്കും അന്വേഷണം നീളുo.
1946ല്‍ പിതാവ് ആരംഭിച്ച ധനവ്യവസായ ബാങ്കേഴ്‌സ് ഏകദേശം രണ്ടരപ്പതിറ്റാണ്ടു മുന്‍പാണു ജോയ് ഏറ്റെടുത്തു നടത്താന്‍ തുടങ്ങിയത്. ബിസിനസ് അഭിവൃദ്ധിപ്പെട്ടതോടെ വന്‍ തോതില്‍ നിക്ഷേപം സമാഹരിക്കാന്‍ ശ്രമം തുടങ്ങി. ഇതിനായി 20% വരെ പലിശ നിക്ഷേപകര്‍ക്കു വാഗ്ദാനം ചെയ്‌തെന്നാണു പരാതി. കോവിഡ് കാലത്തു സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണു ബിസിനസ് തകര്‍ച്ചയ്ക്കു വഴിയൊരുക്കിയത്. കാലാവധിയെത്തിയിട്ടും പലിശയും മുതലും തിരികെ നല്‍കാതായപ്പോള്‍ കഴിഞ്ഞ ജൂലൈയില്‍ നിക്ഷേപകര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. 200 കോടിയോളം രൂപയുടെ തട്ടിപ്പാണെന്നു പോലീസ് സൂചന നല്‍കുന്നുണ്ടെങ്കിലും 300 കോടിയോളം രൂപ സമാഹരിച്ചിട്ടുണ്ടാകുമെന്നാണു സൂചന. ഇതില്‍ കള്ളപ്പണവും അനധികൃത നിക്ഷേപങ്ങളുമുണ്ടെന്നും സൂചനയുണ്ട്.
പോലീസ് തിരച്ചില്‍ നോട്ടിസ് ഇറക്കുന്നതിനു മുന്‍പു ജോയ് രാജ്യം വിട്ടിരിക്കുമോ എന്ന സംശയമാണ് ശക്തമായിരുന്നു. ബിസിനസ്, ടൂറിസം സംബന്ധമായ ആവശ്യങ്ങള്‍ക്കായി യുഎസ് നല്‍കുന്ന നോണ്‍ ഇമിഗ്രന്റ് വീസ 3 വര്‍ഷമായി ജോയിയുടെ പേരിലുണ്ടാിരുന്നു. ജോയിയുടെ ബെനാമി സ്വത്തുവകകള്‍ കണ്ടുകെട്ടുക, ജീവനക്കാരെ ചോദ്യംചെയ്യുക, പ്രതികളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണു നിക്ഷേപകര്‍ ഉന്നയിച്ചത്. ആര്‍ഭാടമായാണ് തട്ടിപ്പുക്കാരന്‍ മകന്‍റെ വിവാഹം നടത്തിയത്. അരണാട്ടുകരയില്‍ പാടം തത്കാലത്തേക്ക് നികത്തി ഏക്കറുകണക്കിന് സ്ഥലത്ത് പന്തലിട്ടു. സംസ്ഥാനത്തെ പ്രമുഖരെ ക്ഷണിച്ചു. ക്ഷണിക്കപ്പെടാത്തവരുണ്ടെങ്കില്‍ ക്ഷണമായി കരുതാന്‍ നോട്ടീസടിച്ചു. നാലുനാള്‍ വിഭവസമൃദ്ധമായ വിരുന്നൊരുക്കി. ബാന്‍ഡ് സംഗീതമൊരുക്കി. മേഖലയാകെ അലങ്കാരദീപങ്ങള്‍ തെളിയിച്ചു. സ്ഥാപനത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമെന്നോണം ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക വിരുന്നൊരുക്കി.
75 വര്‍ഷത്തെ പാരമ്പര്യമുള്ള ബാങ്കിന്‍റെ പ്രശസ്തിക്ക് വേണ്ടിയായിരുന്നില്ല ആഡംബരക്കല്യാണം. ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസം വര്‍ധിപ്പിച്ച് കൂടുതല്‍ നിക്ഷേപമെത്തിക്കാനായിരുന്നു. കല്യാണശേഷം സ്ഥാപനമുടമ ജോയ് ഡി. പാണഞ്ചേരി കല്യാണത്തില്‍ പങ്കെടുത്ത പ്രമുഖരുടെ വീടുകള്‍ കയറിയിറങ്ങി. കല്യാണത്തെപ്പറ്റി അഭിപ്രായം അറിയാനാണ് എത്തിയതെന്ന് പറഞ്ഞു. ഇറങ്ങുമ്പോള്‍ വീട്ടുകാരോട് ചോദിച്ചു- കുറച്ച് നിക്ഷേപം എന്‍റെ സ്ഥാപനത്തിലും ഇട്ടുകൂടേ. ഏഴര പതിറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള ബാങ്കിലേക്ക് പണം ഒഴുകിയെത്തി. അതിന് ശേഷമാണ് തട്ടിപ്പാണ് നടന്നതെന്ന് ഏവരും മനസ്സിലായത്.
കിട്ടിയ പണം മറ്റെവിടെയൊക്കെയോ നിക്ഷേപിച്ച് വരുമാനം ഉറപ്പുവരുത്തി. അതോടെ ഇടപാടുകാര്‍ക്ക് മുടങ്ങാതെ പലിശ നല്‍കി. കോവിഡ് കാലത്തും പലിശ മുടങ്ങിയില്ല. എന്നാല്‍ വായ്പയെടുത്തവരുടെ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനത്തിന്‍റെ തകര്‍ച്ച തുടങ്ങി. 1946-ല്‍ പാണഞ്ചേരി ദേവസി ആരംഭിച്ച കുറിക്കമ്പനിയാണ് രണ്ടാമത്തെ മകനായ ജോയ് ഡി. പാണഞ്ചേരി സ്വകാര്യ ധനകാര്യസ്ഥാപനമായി വളര്‍ത്തിയത്. നാട്ടുകാരെയെല്ലാം കൈയയച്ച് സഹായിച്ചിരുന്നെങ്കിലും ആഡംബരം സ്ഥാപനത്തെ നശിപ്പിച്ചു.
കൂറ്റന്‍ വീടിന്‍റെ കൂദാശദിനത്തില്‍ കേരളത്തിലെ ഏറ്റവും വലിയ ബാന്‍ഡിന്റെ സംഗീതനിശയാണ് സംഘടിപ്പിച്ചത്. പുറംനിക്ഷേപങ്ങള്‍ തിരിച്ചു പിടിക്കാനാകാതെയും നിക്ഷേപകരെ നിയന്ത്രിക്കാനാകാതെയും വന്നതോടെ സ്ഥാപനം പൂട്ടി ജോയ് ഡി. പാണഞ്ചേരിയും ഭാര്യ കൊച്ചുറാണിയും മുങ്ങുകയായിരുന്നു. പത്തു ലക്ഷം, 25 ലക്ഷം, 40 ലക്ഷം, 47 ലക്ഷം, 90 ലക്ഷം വരെയുള്ള തുകകളാണ് ഓരോരുത്തരും നിക്ഷേപിച്ചിരിക്കുന്നത്. ഡ്രൈവര്‍മാരും ചുമട്ടുതൊഴിലാളികളും കടകളില്‍ ജോലിക്കുനില്‍ക്കുന്നവരും തുടങ്ങി രണ്ടു മുതല്‍ അഞ്ചു വരെ ലക്ഷം ഉള്ളവരുമുണ്ട്.
15 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം നല്‍കിയതെന്ന് രശീതിലുണ്ട്. ആറുമാസ കാലാവധിക്ക് നിക്ഷേപിച്ചവരാണ് പലരും. നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായെത്തിയതിനു പിന്നാലെ ജോയിയും കുടുംബവും മുങ്ങുകയായിരുന്നു. ഇവര്‍ക്കെതിരെ അനധികൃതമായി നിക്ഷേപങ്ങള്‍ സ്വീകരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. നിക്ഷേപത്തട്ടിപ്പില്‍ പണം തിരികെക്കൊടുക്കാന്‍ കഴിയാത്ത വിധത്തില്‍ പാപ്പരായെന്ന് കോടതിയെ ബോധ്യപ്പെടുത്തി ഉത്തരവ് നേടാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.