ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി കുറച്ചതോടെ ഇവി നിര്‍മാതാക്കള്‍ പ്രതിസന്ധിയിലായിരുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടാന്‍ നിര്‍ബന്ധിതരായതോടെ ഉപഭോക്താക്കള്‍ ഷോറൂമുളില്‍ നിന്നകന്നു. അവരെ വീണ്ടും ആകര്‍ഷിക്കാനായി കുറഞ്ഞ വിലയില്‍ ഒത്തിരി മോഡലുകള്‍ ഇവി നിര്‍മാതാക്കള്‍ സമീപകാലത്തായി വിപണിയില്‍ എത്തിച്ചു. ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ രംഗത്തെ മുമ്പന്‍മാരായ ഏഥര്‍ എനര്‍ജി അടുത്തിടെയാണ് 1.30 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ ഒരു ഇലക്ട്രിക് ടൂവീലര്‍ പുറത്തിറക്കിയത്. ഒന്നാമന്‍മാരായ ഓല ഇലക്ട്രിക്കിന്റെ S1 എയറിന്റെ എതിരാളിയായാണ് ഏഥര്‍ 450S കൊണ്ടുവന്നത്. ഇപ്പോള്‍ ഉത്സവ സീസണിന് മുന്നോടിയായി 450S ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഏഥര്‍ എനര്‍ജി.
ബംഗളൂരു ആസ്ഥാനമായുള്ള ഇവി നിര്‍മ്മാതാവ് തമിഴ്നാട്ടിലെ ഹൊസൂരിലുള്ള പ്ലാന്റില്‍ നിന്ന് തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ തുടങ്ങി. ഏഥര്‍ എനര്‍ജിയുടെ സ്ഥാപകനും സിഇഒയുമായ തരുണ്‍ മേത്ത ഡെലിവറിക്കായി തയാറെടുക്കുന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചു. ഈ വര്‍ഷം ജൂണിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. തൊട്ടുപിന്നാലെ ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ആരംഭിച്ചു. പുതുക്കിയ ഫെയിം II പദ്ധതിക്ക് അനുസൃതമായാണ് ഇലക്ട്രിക് സ്‌കൂട്ടറിന് വില നിശ്ചയിച്ചതെന്ന് ഇവി സ്റ്റാര്‍ട്ടപ്പ് വ്യക്തമാക്കി.
ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് പറഞ്ഞാല്‍ ഡിസൈനിന്റെ കാര്യം നോക്കുമ്പോള്‍ 450S-നെ അതിന്റെ കൂടുതല്‍ പ്രീമിയം സഹോദരനായ 450X ഇലക്ട്രിക് സ്‌കൂട്ടറില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങള്‍ കാണാനാകില്ല. ഏഥര്‍ 450X-ന്റെ അതേ എല്‍ഇഡി ഹെഡ്ലാമ്പുള്ള അതേ കര്‍വി ഫ്രണ്ട് കൗള്‍ തന്നെയാണ് ഏഥര്‍ 450S-നും ലഭിക്കുന്നത്. പിന്‍ഭാഗത്ത് നോക്കിയാല്‍ മുന്‍നിര ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന് സമാനമായി ഇത് കാണപ്പെടുന്നു. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലാണ് ഇരു ഇവികളും തമ്മിലുള്ള പ്രധാന വ്യത്യാസം കാണാനാകൂ. മാപ്പ് നാവിഗേഷന്‍ ഇല്ലാത്ത ഒരു LCD ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഏഥര്‍ 450S-ല്‍ നല്‍കിയിരിക്കുന്നത്. വില കുറക്കല്‍ നടപടിയുടെ ഭാഗമായായിരുന്നു നടപടി. ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടറില്‍ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ വാഗ്ദാനം ചെയ്യുന്ന MapMyIndia-പവര്‍ഡ് നാവിഗേഷന്‍ സിസ്റ്റം ഉപയോഗിക്കണം.