അമേരിക്ക : 2026 ലോകകപ്പ് ഫൈനൽ മത്സരം ന്യൂയോർക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഫിഫ. യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് അടുത്ത ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 11 ന് മെക്സിക്കോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെ മത്സരം കിക്കോഫ് ചെയ്യും. എസ്റ്റാഡിയോ ആസ്ടെക്കയിലെ ഉദ്ഘാടന മത്സരം മുതൽ ന്യൂയോർക്കിലെ ഫൈനൽ വരെ ഈ ടൂർണമെന്റിനായുള്ള ഞങ്ങളുടെ വിപുലമായ ആസൂത്രണത്തിന്റെ കാതൽ കളിക്കാരും ആരാധകരുമാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കി.
അറ്റ്ലാന്റയും ഡാലസും സെമിഫൈനലിന് ആതിഥേയത്വം വഹിക്കുമ്പോൾ മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരം മിയാമിയിൽ നടക്കും. ലോസ് ആഞ്ചലസ്, കൻസാസ് സിറ്റി, മിയാമി, ബോസ്റ്റൺ എന്നിവിടങ്ങളിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും.