കാബൂള്‍ : പര്‍ദ്ദ ധരിക്കാത്തതിന് താലിബാന്‍ ഭീകരര്‍ 21 കാരിയെ വെടിവെച്ച് കൊന്നു. അഫ്ഗാനിസ്ഥാനിലെ ബല്‍ഖ് ജില്ലാ കേന്ദ്രത്തിലേക്ക് പോകുന്നതിനിടെ 21 കാരിയായ നസാനീനെ കാറില്‍ നിന്ന് താലിബാന്‍ ഭീകരര്‍ പുറത്തേക്ക് വലിച്ചിഴച്ച് വെടിവയ്‌ക്കുകയായിരുന്നുവെന്ന് അഫ്ഗാന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് ഇക്കാര്യം നിഷേധിച്ചു. അഫ്ഗാനിസ്ഥാനിലെ പുതിയ പ്രദേശങ്ങള്‍ പിടിച്ചടക്കിയ ശേഷം, താലിബാന്‍ അഫ്ഗാന്‍ സ്ത്രീകള്‍ക്ക് മേല്‍ കൂടുതല്‍ ശരിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് .
തല മുതല്‍ കാല്‍പാദം വരെ മറയ്‌ക്കണം, വീടിന് പുറത്ത് ജോലി ചെയ്യരുത്, പുറത്തിറങ്ങുന്നത് പുരുഷന്മാര്‍ക്കൊപ്പമാകണം എന്നീ നിബന്ധനകള്‍ക്ക് പുറമേ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും പരിമിതപ്പെടുത്തി. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പരസ്യമായി ചാട്ടവാറടിയുള്‍പ്പെടെയുള്ള ശിക്ഷയാണ് നല്‍കുന്നത്.