ബദിയഡുക്ക: ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി 23കാരൻ പോലീസ് പിടിയിലായി. നിരോധിത ലഹരിവസ്തുക്കൾക്ക് തടയിടുന്നതിന് കണ്ണൂർ റേഞ്ച് തലത്തിൽ നടക്കുന്ന കോമ്പിങ്ങിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി യുവാവ് ബദിയഡുക്ക പോലീസ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥനത്തിൽ പോലീസ് പ്രതിയുടെ വീട് പരിശോധിച്ചതിലാണ് വീട്ടിൽ നിന്ന് 107.090 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. നാരമ്പാഡി പ്ലാവിൻ അടി സ്വദേശി മുഹമ്മദ് റഫീഖാണ് (23) പോലീസ് പിടിയിലായത്. പ്രതിയുണ്ടായിരുന്ന മുറി പരിശോധിച്ചപ്പോൾ കട്ടിലിലെ കിടക്കക്ക് അടിയിലായി സൂക്ഷിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്.
വിദ്യാനഗർ ഇൻസ്‌പെക്ടർ യു.പി. വിപിന്റെ മേൽനോട്ടത്തിൽ വിദ്യാനഗർ എസ്.ഐ എം.പി. പ്രതീഷ് കുമാർ, ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പ്രബേഷനറി എസ്.ഐ രൂപേഷ്, ഗ്രേഡ് എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഒമാരായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, ഹരിപ്രസാദ്, വനിത സി.പി.ഒ അനിത എന്നിവർ ചേർന്നാണ് വീട് റെയ്ഡ് ചെയ്ത് പ്രതിയെ പിടികൂടിയത്.ഗസറ്റഡ് ഓഫിസർ കാസർകോട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അരുണിന്റെ സാന്നിധ്യത്തിലായിരുന്നു പ്രതിയുടെ ദേഹപരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂർത്തീകരിച്ചത്.